ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ് - ഗുജറാത്ത് പോരാട്ടം; മത്സരഫലം സിഎസ്കെയ്ക്കും നിര്‍ണായാകം

പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തുമാണ്

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പ്ലേഓഫ് സാധ്യത ഉറപ്പിക്കാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-നാണ് മത്സരം അരങ്ങേറുന്നത്. പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തുമാണ്.

ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകൾക്ക് പുറമെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിനും ഇന്നത്തെ മത്സരഫലം ഏറെ നിർണായകം തന്നെയാണ്. ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീമിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള കടമ്പകൾ കടന്നാലെ പ്ലേഓഫിലേക്ക് എത്താനാകൂ. ഒരു വിജയം എന്നതിലുപരി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നത് തന്നെയാകും ഇരു ടീമുകളുടെയും ഇന്നത്തെ ലക്ഷ്യം. ടീമുകൾ തമ്മിലുള്ള പോയിന്റ് നിലയിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ റൺറേറ്റ് തന്നെയായിരിക്കും പോയിന്റ് പട്ടികയിലെ ടീമുകളുടെ സ്ഥാനം നിർണയിക്കുക.

ഇന്നത്തെ മത്സരത്തിൽ ടോപ് ഓർഡ‍ർ ബാറ്റർമാരുടെ പ്രകടനം ഇരുടീമിനും ഒരുപോലെ നിർണായകമാണ്. തുടർച്ചയായി നാല് മത്സരങ്ങളും ജയിച്ചാണ് ശുഭ്മൻ ഗില്ലും സംഘവും അഹമ്മദാബാദില്‍ എത്തുന്നത്. ഹൈദരാബാദും മോശമല്ല, അവസാന ഏഴ് കളിയിൽ ആറിലും ജയം. നായകൻ ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ല‍ർ എന്നിവരിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് പ്രതീക്ഷ. തുടക്കം തകർത്താലും മധ്യനിരയിലെ മെല്ലെപ്പോക്ക് ടീമിന് പ്രതിസന്ധിയാണ്. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജ്, കാഗിസോ റബാഡ പേസ് ജോഡിക്കൊപ്പം സ്പിന്നർ റാഷിദ് ഖാൻ കൂടി ഫോമിലേക്ക് തിരിച്ചെത്തിയത് ജിടിക്ക് വലിയ ആശ്വാസം നൽകുന്നു.

ഗുജറാത്തിനെപ്പോലെ ബാറ്റിംഗ് നിരയുടെ കരുത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും മുന്നേറ്റം. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ മാത്രം ശക്തരും. ഇവരിൽ രണ്ടുപേർ ക്രീസിലുറച്ചാൽ ഹൈദരാബാദിന്‍റെ സ്കോർ ബോ‍ർഡ് കുത്തിക്കുമെന്നതിൽ സംശയമില്ല. എട്ട് തവണയാണ് ഹൈദരാബാദ് ഇക്കുറി 200 റൺസിലേറെ നേടിയത്. നേർക്കുനേർ വന്ന കണക്കിൽ ഗുജറാത്തിന് വ്യക്തമായ മേധാവിത്തം ഉണ്ട്. ആറ് കളിയിൽ അഞ്ചിലും ജയം സ്വതമാക്കിയത് ഗുജറാത്തായിരുന്നു.

Content highlight: IPL 2026 SRH vs GT match crucial for CSK playoff chances

To advertise here,contact us