ഐസിസി മാര്‍ഗനിര്‍ദേശം പാലിക്കണം; രാജസ്ഥാനെതിരെ കളിക്കാനാകാതെ എന്‍ഗിഡി

ഫീല്‍ഡിങ്ങിനിടെയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നത്

ഫീല്‍ഡിങ്ങിനിടെ തലയ്ക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണ മോചിതനായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി രാജസ്ഥാനെതിരെ കളിച്ചില്ല. നേരത്തെ, എന്‍ഗിഡി നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞമാസം 25ന് ഡല്‍ഹിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പിന്നിലേക്ക് മറിഞ്ഞുവീണ എന്‍ഗിഡിയുടെ തല നിലത്ത് ശക്തമായി അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗ്രൗണ്ടില്‍ വീണ താരത്തെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

ഇന്ന്, ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ട വീഡിയോയില്‍ താരം പൂര്‍ണ വേഗതയില്‍ പന്തെറിയുന്നതും വിക്കറ്റ് വീഴ്ത്തി ആഘോഷിക്കുന്നതും കാണാമായിരുന്നു. ഡല്‍ഹി താരം കെയ്ല്‍ ജാമിസണ്‍ 'എന്‍ഗിഡി തിരിച്ചെത്തിയിരിക്കുന്നു' എന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് രാജസ്ഥാനെതിരെ താരം കളിക്കുമെന്ന് പ്രതീക്ഷിച്ചത്. പരിക്കിനെത്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരം താരത്തിന് നഷ്ടമായിരുന്നു. പരിക്കേറ്റ താരങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് രാജസ്ഥാനെതിരായ മത്സരം നഷ്ടമാകാന്‍ എന്‍ഗിഡിക്ക് കാരണമായത്. കളിക്കാര്‍ക്ക് തലയ്ക്ക് പരിക്കേറ്റാല്‍ താരങ്ങള്‍ റിട്ടേണ്‍ ടു പ്ലേ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. നിലവിലെ ഐസിസി മാനദണ്ഡപ്രകാരം ഏഴുദിവസത്തേക്ക് കളിക്കളത്തിലേക്ക് എത്താനാകില്ല. ഇതാണ് എന്‍ഗിഡിക്ക് തിരിച്ചടിയായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മേയ് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ താരം പങ്കെടുത്തേക്കും.

സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തുന്ന എന്‍ഗിഡി ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്.

content highlights: Lungi Ngidi to miss the match against Rajasthan to comply with ICC regulations

To advertise here,contact us