സായ് സുദര്‍ശന് സെഞ്ചുറി; ഗുജറാത്തിനെതിരെ ആര്‍സിബിക്ക് ലക്ഷ്യം 206 റണ്‍സ്

ശുഭ്മാന്‍ ഗില്‍ (32), ജോസ് ബട്‌ലര്‍ (25), ജേസണ്‍ ഹോള്‍ഡര്‍ (23)

ഐപിഎല്‍ ക്രിക്കറ്റിലെ ഗുജറാത്ത് ടൈറ്റന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തില്‍ സായ് സുദര്‍ശന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഗുജറാത്ത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 205 റണ്‍സെടുത്തു. 57 പന്തില്‍ അഞ്ചു സിക്‌സും 11 ഫോറും ഉള്‍പ്പടെയാണ് സായ് സുദര്‍ശന്റെ സെഞ്ചുറി നേട്ടം.

നായകന്‍ ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 32 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 16 പന്തില്‍ 25 റണ്‍സ് കുറിച്ചു. ഒരു സിക്‌സും രണ്ട് ഫോറും ഇന്നിങ്‌സിലുണ്ട്. ജേസണ്‍ ഹോള്‍ഡര്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് മുതര്‍ന്നതോടെ സ്‌കോര്‍ 200 കടന്നു.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് 57 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ സായ് സുദര്‍ശനും ഗില്ലും നടത്തിയ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്. 76 പന്തില്‍ 128 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ആര്‍സിബിക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വൂഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: Century for Sai Sudharsan; RCB need 206 runs to win against Gujarat

To advertise here,contact us