ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ സഞ്ജുവും, റണ്‍വേട്ടക്കാരുടെ പട്ടികയിൽ കോഹ്‍ലിയെയും രോഹിത്തിനെയും പിന്തള്ളി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലെ മിന്നും പ്രകടനത്തോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിലേക്ക് മാസ് എൻട്രി നടത്തിയിരിക്കുകയാണ് സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലെ മിന്നും പ്രകടനത്തോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിലേക്ക് മാസ് എൻട്രി നടത്തിയിരിക്കുകയാണ് സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസൺ. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്ക സംഖ്യാ കാണാൻ സഞ്ജുവിന് ആയിരുന്നില്ല. ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന പോരാട്ടത്തിൽ പുറത്താകാതെ 115 റൺസ് നേടികൊണ്ടാണ് സഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ 32 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി.

ഈ പ്രകടനങ്ങളോടെ അഞ്ച് മത്സരങ്ങളില്‍ 185 റണ്‍സുമായി സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയിൽ ടോപ് 5ല്‍ എത്തി. 46.25 ബാറ്റിംഗ് ശരാശരിയും 172.90 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു റൺവേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് പതിനാലാം സ്ഥാനത്തായിരുന്ന സഞ്ജു രോഹിത് ശര്‍മ, വിരാട് കോലി, ധ്രുവ് ജുറെല്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നി താരങ്ങളെ പിന്നിലാക്കിയാണ് അഞ്ചാം സ്ഥാനത്തേക്കെത്തിയത്. രജത് പാട്ടീദാര്‍(195), വൈഭവ് സൂര്യവംശി(200), ഇഷാന്‍ കിഷന്‍(213), ഹെന്‍റിച്ച് ക്ലാസന്‍(224) എന്നിവര്‍ മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത് താരങ്ങൾ.

അഞ്ച് മത്സരങ്ങളില്‍ 171 റണ്‍സടിച്ച യുവതാരം ആയുഷ് മാത്രെ മാത്രമാണ് ചെന്നൈ ടീമില്‍ സഞ്ജുവിന് അടുത്തുള്ള മറ്റൊരു ബാറ്റര്‍. വിക്കറ്റ് വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രസിദ്ധ് കൃഷ്ണ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അന്‍ഷുല്‍ കാംബോജ് 10 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍റെ രവി ബിഷ്ണോയ് 9 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ജോഫ്ര ആര്‍ച്ചര്‍(7), പ്രിൻസ് യാദവ്(6), ജേക്കബ് ഡഫി(6) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ ഇടാൻ പിടിച്ച മാറ്റ് താരങ്ങൾ.

Content highlight: Sanju Samson breaks into orange cap race in IPL 2026

To advertise here,contact us