2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പുതിയ വിവാദത്തിൽ അകപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ടീം. ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർ എട്ട് റൗണ്ടിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന അവസാന മത്സരത്തിനു മുൻപാണ് സംഭവം. പാക് താരത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെതിരെ വമ്പൻ തുക പിഴ ഈടാക്കിയെന്നാണ് റിപ്പോർട്ട്.
കാൻഡിയിലെ ഹോട്ടൽ ഗോൾഡൻ ക്രൗണിലെ ജീവനക്കാരിയോടാണ് പാക് താരങ്ങളിൽ ഒരാൾ മോശമായി പെരുമാറിയത്. മത്സരത്തിന് തൊട്ടുമുൻപ് ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറി. ജീവനക്കാരി നിലവിളിച്ച് ഓടിയതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷയത്തിൽ ഇടപ്പെട്ട ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തി സംഭവം ഒതുക്കുകയായിരുന്നെന്നും ടെലികോം ഏഷ്യ സ്പോർട്ട് റിപ്പോർട്ട് ചെയ്തു. മോശം പെരുമാറ്റത്തിന് താരത്തിന് പിഴ ചുമത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടുതൽ ശിക്ഷാ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുൻപാകെ താരം ഹാജരാകേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സൂപ്പർ എട്ടിൽ ശ്രീലങ്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി കാണാതെ പുറത്തായ പാക് ടീമിന് ഈ പുതിയ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തില്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ അന്വേഷണം നടത്തിയേക്കും.
Content Highlights: T20 World Cup: Fresh controversy hits Pakistan, Pak Player Misbehaves With Female Hotel Staff, Penalised