മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഒരു വശത്ത് വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ ഒന്നൊന്നായി തകർന്നു വീഴുമ്പോൾ, വമ്പൻ സമ്മർദ്ദത്തിലും പതറാത്ത മനസ്സുമായി അയാൾ ക്രീസിൽ ഉറച്ചുനിന്നു.
കൂടെയുള്ളവർ ഓരോരുത്തരായി കൂടാരം കയറുമ്പോഴും, ആർത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കി ഒറ്റയ്ക്ക് ഒരു വൻമതിൽ പോലെ അയാൾ ടീമിനെ താങ്ങിനിർത്തി.
റൊമാരിയോ ഷേപ്പേർഡിന്റെ അവസാന ഓവറിലെ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യയ്ക്ക് സെമി ടിക്കറ്റും നൽകി അയാൾ ആ ക്രീസിന്റെ നടുവിൽ കുമ്പിട്ടു നിന്നു. ഈഡനിലെ ആകാശത്തേക്ക് നോക്കി കുരിശ് വരച്ചു.
സഹ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും അയാളെ അഭിനന്ദിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവക്കാട്ടെ ക്യാപ്പഴിച്ച് വെച്ച് തലകുമ്പിട്ടാണ് വിജയനായകനെ വരവേറ്റത്.
Content Highlights: T20 Worldcup 2026; Suryakumar Yadav bowing down to Sanju Samson