2026 ടി20 ലോകകപ്പിൽ സൂപ്പർ എട്ട് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ സെമിഫൈനലുകൾക്കും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
അതേസമയം വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ഐസിസി. പാകിസ്താൻ ടീം സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിക്കുകയാണെങ്കിൽ കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. പാക് ടീമിന്റെ പ്രകടനം അനുസരിച്ച് മത്സരവേദികളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം.
𝙁𝙀𝙀𝙇 𝙏𝙃𝙀 𝙏𝙃𝙍𝙄𝙇𝙇 in the stadiums 🎟️The tickets for the semi-finals and final of the ICC Men's #T20WorldCup 2026 go live today, 24 February at 7 PM IST ⏰All the details 📲 https://t.co/tXUgD9Z3tX pic.twitter.com/OfK7knjghw
സെമി ഫൈനലിൽ പാകിസ്താൻ യോഗ്യത നേടുകയാണെങ്കിൽ, മാർച്ച് നാലിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ഈ സാഹചര്യത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കേണ്ട ഒന്നാം സെമി ഫൈനലിന്റെ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകും.
അതുപോലെത്തന്നെ പാകിസ്താൻ ഫൈനലിൽ എത്തുകയാണെങ്കിൽ മത്സരം അഹമ്മദാബാദിൽ നിന്ന് കൊളംബോയിലേക്ക് മാറ്റും. ഈ സാഹചര്യത്തിലും അഹമ്മദാബാദിലെ ഫൈനലിന് ടിക്കറ്റെടുത്ത ആരാധകർക്ക് റീഫണ്ട് ലഭിക്കുന്നതായിരിക്കും.
ശ്രീലങ്ക ടീം ഇന്ത്യക്കെതിരെ അല്ലാതെ മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമി ഫൈനൽ കളിക്കുന്നതെങ്കിൽ ആ മത്സരവും കൊളംബോയിലായിരിക്കും നടക്കുക. ഇത്തരത്തിൽ വേദികളിൽ മാറ്റം വരികയാണെങ്കിൽ ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
നിലവിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മത്സരക്രമവും വേദിയും ചുരുക്കത്തിൽ:
ഒന്നാം സെമി ഫൈനൽ: മാർച്ച് 4 (കൊൽക്കത്ത അല്ലെങ്കിൽ കൊളംബോ)രണ്ടാം സെമി ഫൈനൽ: മാർച്ച് 5 (മുംബൈ, വാംഖഡെ സ്റ്റേഡിയം)ഫൈനൽ: മാർച്ച് 8 (അഹമ്മദാബാദ് അല്ലെങ്കിൽ കൊളംബോ)
Content Highlights: T20 World Cup 2026: ICC To Issue Ticket Refund For Kolkata, Ahmedabad If Pakistan Reach Semi-final, Final