'രാഷ്ട്രീയ വിവാദങ്ങൾക്കല്ലാതെ സമയമില്ല'; PCB ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ വിമർശിച്ച് അക്തർ

പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ രൂക്ഷമായി വിമർശിച്ച് ഷൊഹൈബ് അക്തർ

ടി 20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ രൂക്ഷമായി വിമർശിച്ച് ഷൊഹൈബ് അക്തർ. പി സി ബി ചെയർമാന്റെ പിടിപ്പുക്കേട് കൊണ്ടാണ് ടീം ഈ നിലയിലായതെന്ന് അക്തർ വിമർശിച്ചു.

യോഗ്യത ഇല്ലാത്ത ഒരാളെ തലപ്പത്ത് കയറ്റി വെച്ചതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം കളത്തിൽ എന്ത് ചെയ്യേണ്ടത് എന്നതിൽ അദ്ദേഹത്തിന് വ്യക്തതയില്ല, അക്തർ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ കുറ്റം അർഹതയില്ലാത്ത ഒരാളെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സീനിയർ കളിക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനെയും അക്തർ വിമർശിച്ചു. ബാബർ അസം, ഷഹീൻ അഫ്രീദി, ശദാബ് ഖാൻ എന്നിവരുടെ പേരെടുത്തായിരുന്നു വിമർശനം. ഫോം മങ്ങിയാൽ ഒന്നെങ്കിൽ മാറി നിൽക്കണം, അല്ലെങ്കിൽ പുറത്താക്കണം, ഇത് രണ്ടും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവർ തുടർന്നുകൊണ്ടിരിക്കുന്നതെന്നും അക്തർ വിമർശിച്ചു. ഇന്നലെ പാക്സിതാനെതിരായ മത്സരത്തിൽ ഈ താരങ്ങളുടെ ഇമ്പാക്ട് എന്തായിരുന്നു. ബാക്കിയുള്ളവരുടെ കഠിനാധ്വാനം പോലും ഇവർ കാരണം ഇല്ലാതാകുന്നു, അക്തർ കൂട്ടിച്ചേർത്തു.

അതേ സമയം ഇന്നലെ നടന്ന ഇന്ത്യ-പാക് ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ഇന്ത്യ വൻ വിജയം നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

Content Highlights: Shoaib Akhtar Tears Into Mohsin Naqvi After Pakistan's Defeat

To advertise here,contact us