'പരാജയപ്പെട്ടെങ്കിലും ചില നല്ല കാര്യങ്ങൾ സംഭവിച്ചു, ഷാരൂഖും റൂഥർഫോർഡും നന്നായി കളിച്ചു': ശുഭ്മൻ ഗിൽ

'17-ാമത്തെ ഓവർ വരെ ​ഗുജറാത്ത് ടൈറ്റൻസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും 240 റൺസ് പിന്തുടർന്ന് വിജയിക്കുക എളുപ്പമല്ല'

ഐപിഎല്ലിൽ ​ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ​ഗിൽ. മത്സരം പരാജയപ്പെട്ടെങ്കിലും ചില നല്ല കാര്യങ്ങൾ സംഭവിച്ചുവെന്നാണ് ​ഗില്ലിന്റെ വാക്കുകൾ. 'ബൗളിങ് ഞങ്ങൾ 15-20 റൺസ് അധികം വിട്ടുനൽകി. പരമാവധി 210 റൺസിൽ ലഖ്നൗവിനെ പിടിച്ചുനിർത്തേണ്ടതുണ്ടായിരുന്നു. 210ന് 230നും ഇടയിൽ വലിയ വ്യത്യാസമുണ്ട്. പവർപ്ലേയിൽ ​ഗുജറാത്ത് താരങ്ങൾ നന്നായി പന്തെറിഞ്ഞുവെങ്കിലും വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. അതിനാൽ 14 ഓവറിൽ ലഖ്നൗ 180 റൺസിലെത്തി. അത് വലിയ സ്കോറാണ്.' ശുഭ്മൻ ​ഗിൽ മത്സരശേഷം പ്രതികരിച്ചു.

'ചില നല്ല കാര്യങ്ങളും മത്സരത്തിൽ സംഭവിച്ചു. 17-ാമത്തെ ഓവർ വരെ ​ഗുജറാത്ത് ടൈറ്റൻസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും 240 റൺസ് പിന്തുടർന്ന് വിജയിക്കുക എളുപ്പമല്ല. ഷെർഫെയ്ൻ റൂഥർഫോർഡും ഷാരൂഖ് ഖാനും നന്നായി കളിച്ചത് വലിയ കാര്യമാണ്. വിജയവഴിയിൽ തിരിച്ചെത്തുകയാണ് ​ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം. പ്ലേ ഓഫിന് മുമ്പ് അത് സംഭവിക്കുമെന്ന് തന്നെയാണ് വിശ്വാസം.' ​ഗിൽ വ്യക്തമാക്കി.

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന്റെ വിജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. 117 റൺസെടുത്ത മിച്ചൽ മാർഷിന്റെ പ്രകടനമാണ് ​ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്തിന് 202 റൺസെടുക്കാനെ സാധിച്ചുള്ളു. 57 റൺസെടുത്ത ഷാരൂഖ് ഖാന്റെയും 38 റൺസെടുത്ത ഷെഫ്രെയൻ റൂഥർഫോർഡിന്റെയും പ്രകടനം ​ഗുജറാത്തിന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാന ഏഴ് വിക്കറ്റുകൾ 20 റൺസിനിടെ നഷ്ടമായതാണ് ​ഗുജറാത്തിന്റെ പരാജയത്തിന് കാരണമായത്.

Content Highlights: GT captain Shubman Gill talks about the possitives In spite of the loss against LSG

To advertise here,contact us