
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. താറാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങളാണ് സച്ചിന് പങ്കുവെച്ചത്. എന്നാല്‍ സച്ചിന്റെ പോസ്റ്റ് വൈറലായതോടെ മലയാളി താരം സഞ്ജു സാംസണെ വീണ്ടും എയറിലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം 'ഡക്കുകളെ' ഞാന്‍ കാര്യമാക്കാറേയില്ല', എന്ന രസകരമായ ക്യാപ്ഷനോടെയാണ് സച്ചിന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സഞ്ജുവിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണിതെന്ന് പരിഹസിക്കുകയാണ് ആരാധകര്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനമാണ് ഇതിനുകാരണം.
ലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി. പരിക്കേറ്റ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിന് പകരമിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മൂന്നാം മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി.
ഇതോടെ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. അതിനിടയ്ക്കാണ് സച്ചിന്റെ പുതിയ പോസ്റ്റും എത്തുന്നത്. താരത്തിന്റെ 'ഡക്ക് പോസ്റ്റി'നുതാഴെയും സഞ്ജുവിനെ പരിഹസിച്ച് നിരവധി കമന്റുകളുണ്ട്. സച്ചിന്റെ പോസ്റ്റ് സാഹചര്യവുമായി പൊരുത്തപ്പെടുന്നതാണെന്നും സഞ്ജുവിനെ പരിഹസിച്ചുകൊണ്ടാണെന്നുമാണ് ഒരു കമന്റ്. നിരവധി ട്രോളുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.