
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് താരം ചേതന് സക്കറിയ വിവാഹിതനായി. മേഘ്ന ജംബുച്ചയാണ് വധു. ജൂലൈ 14നാണ് വിവാഹച്ചടങ്ങുകള് നടന്നത്. ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ചേതന് തന്നെയാണ് ഇക്കാര്യം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്.
'ഞാന് നീയും നീ ഞാനുമായി മാറുന്ന ദിനം' എന്ന കുറിപ്പോടെയാണ് ചേതന് സന്തോഷവാര്ത്ത പങ്കുവെച്ചത്. 2023 ഡിസംബര് അഞ്ചിന് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. 26കാരനായ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്.
ആഭ്യന്തരക്രിക്കറ്റില് സൗരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന താരമാണ് ചേതന് സക്കറിയ. ഐപിഎല്ലില് 2021ല് രാജസ്ഥാന് റോയല്സിന് വേണ്ടിയാണ് അരങ്ങേറ്റം കുറിച്ചത്. ഇടംകൈയ്യന് പേസറായ ചേതന് നിലവില് ഐപിഎല് ജേതാക്കളായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാണ്.