വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പതിവിലും വേഗത്തില്‍ തീരുന്നുണ്ടോ?. ഒരു സിലിണ്ടര്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരത്തെ തീര്‍ന്നാല്‍ പലപ്പോഴും നമ്മള് കരുതുന്നത് വീട്ടില്‍ കൂടുതല്‍ പാചകം ചെയ്യേണ്ടിവന്നതുകൊണ്ടാണെന്നാണ്. എന്നാല്‍ പാചകത്തിന്റെ അളവ് മാത്രമല്ല ഗ്യാസ് ഉപഭോഗത്തെ സ്വാധീനിക്കുന്നത്. അടുക്കളയിലെ ചില ചെറിയ ശീലങ്ങളും ഗ്യാസ് പാഴാകാന്‍ കാരണമാകാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാചകം കുറയ്ക്കാതെ തന്നെ ഗ്യാസ് ഉപയോഗം നിയന്ത്രിക്കാം.
പാചകം ചെയ്യുമ്പോള്‍ പാത്രത്തിന് മൂടി ഉപയോഗിക്കുന്നത് ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുന്ന ലളിതമായ ശീലമാണ്. മൂടിയില്ലാതെ പാചകം ചെയ്യുമ്പോള്‍ ചൂട് പുറത്തേക്ക് കൂടുതല്‍ നഷ്ടപ്പെടും. എന്നാല്‍ മൂടിവെച്ചാല്‍ ചൂട് പാത്രത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണം വേഗത്തില്‍ പാകമാകാന്‍ സഹായിക്കും. ചോറ് വയ്ക്കല്‍, വെള്ളം തിളപ്പിക്കല്‍, കറികള്‍ തയ്യാറാക്കുക എന്നിവ ചെയ്യുമ്പോള്‍ കഴിവതും പാത്രം മൂടിവെക്കുന്നത് നല്ലതാണ്.
ചെറിയ പാത്രമാണ് സ്റ്റൗവ്വില്‍ വച്ചതെങ്കില്‍ വലിയ തീ കൊടുക്കുന്നത് ഗ്യാസ് ഉപയോഗം വര്‍ധിപ്പിക്കും. പാത്രത്തിന്റെ അടിഭാഗത്തിന് പുറത്തേക്ക് തീ പടരുന്നുണ്ടെങ്കില്‍ ആ ചൂടിന്റെ ഒരു ഭാഗം വെറുതെ നഷ്ടപ്പെടുകയാണ്. പാത്രത്തിന്റെ വലുപ്പത്തിന് അനുയോജ്യമായ ബര്‍ണറും തീയും തിരഞ്ഞെടുക്കുക. തീ പാത്രത്തിന്റെ അടിഭാഗത്ത് തന്നെ കേന്ദ്രീകരിക്കുന്ന രീതിയിലായിരിക്കണം.
അടുക്കള വൃത്തിയാക്കുമ്പോള്‍ ഗ്യാസ് സ്റ്റൗവ്വിന്റെ ബര്‍ണര്‍ ക്ലീന്‍ ചെയ്യാന്‍ പലപ്പോഴും നമ്മള് മറന്നുപോകും. എന്നാല്‍ ബര്‍ണറിലെ ചെറിയ ദ്വാരങ്ങളില്‍ എണ്ണ, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ അടിഞ്ഞുകൂടിയാല്‍ തീ ശരിയായ രീതിയില്‍ പുറത്തുവരാതെ വരാം. അതിനാല്‍ ബര്‍ണര്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും തീയുടെ നിറം ശ്രദ്ധിക്കുകയും ചെയ്യണം. സാധാരണയായി നീലയും സ്ഥിരതയുള്ളതുമായ തീ ബര്‍ണര്‍ വൃത്തിയാണെന്നതിന്റെ സൂചനയാണ്. തീയുടെ നിറത്തിലോ രൂപത്തിലോ സ്ഥിരമായി അസാധാരണമായ മാറ്റം കാണുന്നുണ്ടെങ്കില്‍ ബര്‍ണര്‍ പരിശോധിപ്പിക്കുന്നത് നല്ലതാണ്.
തീ കൂട്ടിവച്ചാല്‍ പെട്ടെന്ന് ആഹാരം പാകമാകും, അപ്പോള്‍ ഗ്യാസ് ലാഭിക്കാം എന്ന ധാരണ എല്ലായ്പ്പോഴും ശരിയല്ല. പരിപ്പ്, കറികള്‍, ഗ്രേവി തുടങ്ങിയവ പാകം ചെയ്യുമ്പോള്‍ ആവശ്യത്തിനനുസരിച്ച് ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ തീ ഉപയോഗിക്കാം. തുടക്കം മുതല്‍ അവസാനം വരെ പരമാവധി തീ ഉപയോഗിക്കുന്നത് ഗ്യാസ് ഉപഭോഗം കൂട്ടാന്‍ ഇടയാക്കും.
പച്ചക്കറി അരിയാനും മസാലകള്‍ തയ്യാറാക്കാനും മറ്റും ഗ്യാസ് കത്തിച്ചശേഷം തുടങ്ങുന്ന ശീലം ഒഴിവാക്കാം. ആദ്യം എല്ലാ ചേരുവകളും തയ്യാറാക്കി വെച്ച ശേഷം ഗ്യാസ് കത്തിച്ചാല്‍ ബര്‍ണര്‍ ആവശ്യത്തിന് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതി. ഒരേസമയം പല വിഭവങ്ങള്‍ തയ്യാറാക്കേണ്ട ദിവസങ്ങളില്‍ ചെറിയൊരു പ്ലാനിങ് പോലും ഗ്യാസ് ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.
ഒരു വലിയ പാത്രം ഭക്ഷണം മുഴുവനായി വീണ്ടും വീണ്ടും ചൂടാക്കുന്നതിന് പകരം ആവശ്യമുള്ള അളവ് മാത്രം എടുത്ത് ചൂടാക്കുന്നത് നല്ലതാണ്. ങ്ങനെ ചെയ്താല്‍ ഓരോ തവണയും മുഴുവന്‍ ഭക്ഷണവും ഗ്യാസ് അടുപ്പില്‍ വെക്കേണ്ടി വരില്ല. ദീര്‍ഘകാലത്ത് ഇത് ഗ്യാസ് ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.
ചില വിഭവങ്ങളില്‍ ഗ്യാസ് ഓഫ് ചെയ്ത ശേഷവും പാത്രത്തിലെ ചൂട് ഉപയോഗിച്ച് പാചകം കുറച്ചുനേരം തുടരാം. ഉദാഹരണത്തിന് ചില ചോറ് വിഭവങ്ങളില്‍ പാകം ഏതാണ്ട് പൂര്‍ത്തിയായ ശേഷം തീ ഓഫ് ചെയ്ത് പാത്രം അടച്ചുവെക്കുന്നത് പ്രയോജനപ്പെടാം. എന്നാല്‍ എല്ലാ ഭക്ഷണത്തിനും ഈ രീതി ബാധകമല്ല. ഭക്ഷണം പൂര്‍ണമായി പാകമായെന്ന് ഉറപ്പാക്കണം.
സാധാരണയേക്കാള്‍ വളരെ വേഗത്തില്‍ സിലിണ്ടര്‍ തീരുന്നുണ്ടെങ്കില്‍ പാചകശീലങ്ങള്‍ മാത്രമല്ല കാരണം. ഗ്യാസ് പൈപ്പ്, റെഗുലേറ്റര്‍, കണക്ഷന് എന്നിവയിലെ ലീക്കേജും പരിശോധിക്കണം. പൈപ്പില്‍ വിള്ളലോ കേടുപാടുകളോ കണക്ഷന് ഭാഗത്ത് പ്രശ്നങ്ങളോ കണ്ടാല്‍ സ്വയം അറ്റകുറ്റപ്പണി ചെയ്യാതെ പരിശീലനം നേടിയ ടെക്നീഷ്യനെ ബന്ധപ്പെടുന്നതാണ് സുരക്ഷിതം.ഗ്യാസ് മണം അനുഭവപ്പെട്ടാല്‍ തീപ്പെട്ടി, ലൈറ്റര്‍, ഇലക്ട്രിക്കല്‍ സ്വിച്ച് തുടങ്ങിയവ ഉപയോഗിക്കരുത്. സുരക്ഷിതമായി ഗ്യാസ് ഓഫ് ചെയ്യുകയും ആവശ്യമായ സഹായം തേടുകയും വേണം.
ബര്‍ണറിന് മുകളില്‍ പാത്രം ശരിയായി ഇരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. അടിഭാഗം സമതലമായ പാത്രങ്ങള്‍ ചൂട് കൂടുതല്‍ കാര്യക്ഷമമായി സ്വീകരിക്കാന്‍ സഹായിക്കും.വളരെ നേര്‍ത്തതോ വളഞ്ഞതോ ആയ അടിഭാഗമുള്ള പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാചകത്തിന് കൂടുതല്‍ സമയം വേണ്ടിവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാചകത്തിന് അനുയോജ്യമായ വലുപ്പവും നല്ല അടിഭാഗവുമുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കാം.
Content Highlights :Is your gas cylinder running out quickly? You can save gas by paying attention to a few small things while cooking.