ഒരു ദിവസം എത്ര തവണ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം? അധിക ചാർജുകൾ നൽകേണ്ടിവരുന്നത് എപ്പോൾ

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ടോ? എടിഎം ഇടപാടുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണിതെങ്കിലും പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എടിഎം പണമിടപാടിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്തൊക്കെയാണ് എന്നെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എടിഎമ്മില്‍ നിന്ന് ഒരു ദിവസം എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ടോ? അത്തരം ചോദ്യങ്ങള്‍ക്കുളള ഉത്തരം ഇതാ..

എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് രണ്ട് തരത്തിലുള്ള പരിധികളുണ്ട്. ദിവസേനയുള്ള പണം പിന്‍വലിക്കല്‍ പരിധിയും പ്രതിമാസ സൗജന്യ ഇടപാട് പരിധിയും. ഈ രണ്ട് നിയമങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ അവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

എത്ര തവണ പണം പിന്‍വലിക്കാം?

ബാങ്ക് എടിഎമ്മുകളില്‍ സാധാരണയായി പണം പിന്‍വലിക്കുന്നതിന് ഒരു പ്രത്യേക ദൈനംദിന പരിധിയില്ല. അതായത് ഒരു ദിവസം നിങ്ങള്‍ക്ക് എത്ര തവണ വേണമെങ്കിലും പിന്‍വലിക്കാം. എങ്കിലും നിങ്ങള്‍ക്ക് എത്ര തുക പിന്‍വലിക്കാം എന്നതിന് ഒരു പരിധിയുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപ ആണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ദിവസം 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.

വ്യത്യസ്ത ബാങ്കുകള്‍ക്ക് വ്യത്യസ്ത പരിധികളുണ്ട്

ദിവസേനയുള്ള പണം പിന്‍വലിക്കല്‍ പരിധി ഓരോ ബാങ്കിനും ഡെബിറ്റ് കാര്‍ഡിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ചില ബാങ്കുകള്‍ പ്രതിദിനം 50,000 രൂപ, 100,000 രൂപ അല്ലെങ്കില്‍ 200,000 രൂപ വരെ പരിധികള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു ചിലത് 10,000 ആയി പരിമിതപ്പെടുത്തുന്നു.

എത്ര സൗജന്യ ഇടപാടുകള്‍ ഉണ്ട്?

ദിവസേനെയുള്ള പരിധിക്ക് പുറമേ സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തിനും പ്രതിമാസ പരിധിയുണ്ട്. സാധാരണയായി ഒരാളുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലോ മെട്രോ നഗരങ്ങളിലുള്ള എടിഎമ്മുകളില്‍ നിന്നോ മൂന്ന് ഇടപാടുകളും മറ്റ് മെട്രോ നഗരങ്ങളില്‍ അഞ്ച് ഇടപാടുകളും ലഭിക്കും. ഈ സൗജന്യ ഇടപാടുകളില്‍ പണം പിന്‍വലിക്കല്‍ മാത്രമല്ല ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്മെന്റുകള്‍ എടുക്കല്‍ തുടങ്ങിയ സേവനങ്ങളും ഉള്‍പ്പെടുന്നു.

എന്തൊക്കെയാണ് ചാര്‍ജുകള്‍?

എടിഎം ഇടപാടിന്റെ പരിധി കവിഞ്ഞാല്‍ ഓരോ അധിക ഇടപാടിനും ബാങ്ക് ഫീസ് ഈടാക്കും. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഓരോ ഇടപാടിനും 23 രൂപയാണ് ഫീസ്.

Content Highlights :How many times a day can you withdraw money from an ATM? When do additional charges apply? Everything you need to know about ATM transactions.

To advertise here,contact us