നട്ടപാതിരയ്ക്ക് സൂര്യനുദിച്ചോ? ഹിമാചൽ പ്രദേശിലുണ്ടായ അത്ഭുത പ്രതിഭാസമെന്ത്?

കടുത്ത വേനൽക്കാലത്ത് ഹിമാചൽ പ്രദേശിലെ സിംല, സുബാതു പോലുള്ള പ്രദേശങ്ങളിൽ സൂര്യനസ്തമിക്കുന്നത് രാത്രി 7.20നും 7.30യ്ക്കും ഇടയിലാണ്

കടുത്ത വേനൽക്കാലത്ത് ഹിമാചൽ പ്രദേശിലെ സിംല, സുബാതു പോലുള്ള പ്രദേശങ്ങളിൽ സൂര്യനസ്തമിക്കുന്നത് രാത്രി 7.20നും 7.30യ്ക്കും ഇടയിലാണ്. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായ ഹിമാചൽ പ്രദേശിൽ നടന്നെന്ന് പറയപ്പെടുന്ന ഒരു സംഭവം ഓൺലൈനിൽ വൈറലായിരുന്നു. ഇതിൽ പറയുന്നത് രാത്രി 9 മണിക്ക് ഹിമാചൽ പ്രദേശിൽ സൂര്യനുദിച്ചു എന്നാണ്. രാത്രിസമയത്ത് സൂര്യനുദിക്കുന്നുവെന്ന് ചിന്തിക്കുന്നത് തന്നെ അസാധാരണമായ ഒന്നാണ്. ഇതിന്റെ ചില ദൃശ്യങ്ങൾ കൂടി പടർന്നതോടെ പലർക്കും തങ്ങളുടെ കണ്ണിനെ വിശ്വസിക്കാതിരിക്കാനും കഴിഞ്ഞില്ല. എന്താണിതിലെ വാസ്തവമെന്നാണ് ഇക്കാര്യം വിശ്വസിക്കാൻ താത്പര്യമില്ലാത്തവരും വിശ്വസിക്കാൻ കഴിയാത്തവരും ഇപ്പോഴും പരതിക്കൊണ്ടിരിക്കുന്നത്. വേനൽക്കാലത്ത് സൂര്യാസ്തമം കുറച്ച് വൈകുമെങ്കിലും ശൈത്യകാലത്ത് ഹിമാലചിൽ വൈകിട്ട് 5.15, 5.30 സമയങ്ങളിൽ സൂര്യൻ അസ്തമിച്ചിരിക്കും.

ഇപ്പോൾ സൂര്യോദയം @9 എന്ന തലക്കെട്ടോടെയാണ് വൈറൽ വീഡിയോ പ്രചരിക്കുന്നത്. വെളിച്ചമടിച്ച ഒരു മലനിരയുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. മാത്രമല്ല ആകാശത്തും നന്നായി വെളിച്ചമുണ്ട്. മലയുടെ ചില ചരുവുകളിലാണ് ഈ വെട്ടമുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം ഇരുണ്ടിരിക്കുകയാണെന്നതാണ് രസകരം. ഭൂമിക്കുണ്ടായ എന്തോ പിഴവ്, സങ്കീർണമായ പ്രതിഭാസം എന്നിങ്ങനെ വലതരം പ്രചരണങ്ങൾ ഇതിനിടയിൽ നടന്നു. കഴിഞ്ഞവർഷം ഒക്ടോബറിലും ഡിസംബറിലും ഇത്തരം ചില ബ്രൈറ്റ് സ്‌കൈ പ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷിംല, കുളു, മാണ്ഡി തുടങ്ങിയയിടങ്ങളിൽ നടന്ന ഇത്തരം പ്രതിഭാസങ്ങൾ സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ ആസമയങ്ങളിൽ ഇടിമിന്നലൊന്നും ഉണ്ടായിട്ടുമില്ല. അറ്റമോസ്‌ഫെറിക്ക് സ്‌കാറ്ററിങ്, ഒപ്റ്റിക്കൽ ഇഫക്ട് എന്നിവ മൂലമാണ് ഇവ ഉണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

വിദൂരത്തിലുള്ള പട്ടണങ്ങൾ, വാഹനങ്ങൾ, അല്ലെങ്കിൽ മറ്റെവിടെനിന്നെങ്കിലും വരുന്ന വെളിച്ചം മേഘങ്ങളിൽ തട്ടി പ്രതിഫലിക്കും. അല്ലെങ്കിൽ മഞ്ഞിലോ ധൂമങ്ങളിലോ തട്ടി ഇവ പ്രതിഫലിക്കും. ഇതോടെ ആകാശത്ത് നല്ല വെട്ടവും വെളിച്ചവും ഉണ്ടാകും. ഇത് കാമറകളിൽ കാണുമ്പോൾ പ്രത്യേകിച്ച് മലനിരകളും മറ്റും ആകുമ്പോൾ കൂടുതൽ വിശ്വസനീയമായി തോന്നും. സൂര്യനുദിച്ചെന്ന് ചിന്തിച്ചാലും തെറ്റ് പറയാനാകില്ല. അസ്‌ട്രോണമിക്കൽ രീതിയിൽ വിവരിച്ചാൽ, ഹിമാചൽ പ്രദേശ് നോർത്ത് ലാറ്റിറ്റിയൂടിൽ 31 - 33 ഡിഗ്രികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ അവസ്ഥയിൽ സൂര്യന് രാത്രി 9 മണിക്ക് ചക്രവാളത്തിന് മുകളിലെത്താൻ കഴിയില്ല. ഇത്തരത്തിൽ സൂര്യനുദിച്ച് കാണുന്നത് പോളാർ പ്രദേശങ്ങളിൽ മാത്രമായിരിക്കും.

രാത്രി 9 മണിക്ക് സൂര്യനുദിച്ചു എന്നു പറയുന്നത് പൊള്ളയാണ്. വെളിച്ചം പ്രതിഫലിച്ചതോ അന്തരീക്ഷത്തിലെ എന്തെങ്കിൽ പ്രഭാവവും ഇതിന് കാരണമാകാം. അതേസമയം ഹിമാചലിൽ ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. ഉൽക്കയുടെ അവിശിഷ്ടം ചിതറിത്തെറിച്ചതാണ്, ജിയോമാഗ്നെറ്റിക്ക് ഡിസ്റ്റർബൻസാണ് എന്നൊക്കെ പല വിശദീകരണങ്ങളും ഇതിനിടയിൽ തലയുയർത്തിയിരുന്നു.

Content Highlights: Did sunrise at 9 PM in Himachal Pradesh, what is that viral news means

To advertise here,contact us