ട്രംപ് പറഞ്ഞത് കഥ; ഇന്ത്യ കളിച്ചത് അതുക്കും മേലെ

ആഗോള ശക്തിരാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇന്ത്യ

ഇന്ത്യ–അമേരിക്ക വ്യാപാരബന്ധങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന അനിശ്ചിതത്വം, ഉയർന്ന തീരുവകൾ, ഭൗമ രാഷ്ട്രീയ സമ്മർദ്ദങ്ങൾ എന്നിവ ഇന്ത്യൻ വിപണികളെയും നിക്ഷേപകരുടെയും മനോഭാവത്തെയും ശക്തമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഈ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടുന്ന ഒരു നിർണായക വഴിത്തിരിവിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാരകരാർ വെറും തീരുവ കുറച്ചുനിർത്തുന്ന ഒരു ഉടമ്പടി മാത്രമല്ല.മറിച്ച്, ആഗോള വ്യാപാര ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനവും നിക്ഷേപ വിശ്വാസവും പുനഃസ്ഥാപിക്കുന്ന ഒരു നിർണായക മാറ്റമാണ് .

ഇന്ത്യ അമേരിക്ക വ്യാപാര ഇടപാടിൽ കൂടുതൽ കമന്ററിയും വന്നിട്ടുള്ളത് അമേരിക്കയുടെ ഭാഗത്തു നിന്നാണ് . ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല. ഈ പറഞ്ഞ ഏറ്റവും നിർണായകമായ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നത് സംബന്ധിച്ച അവകാശ വാദം അമേരിക്കയുടേതാണ്, ഇന്ത്യയുടേതല്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഏർപ്പെടുത്തിയ പെനാലിറ്റി താരിഫ് ആയിരുന്നലോ പ്രധാന ആശങ്ക. യുഎസ് വ്യാപാര കരാറിന് ശേഷം ഇന്ത്യ റഷ്യയുമായുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് ട്രംപ് പറയുമ്പോഴും ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന കര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.

ആദ്യം ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച അമേരിക്ക, 500% വരെ ഉയർന്ന തീരുവകളുടെ ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനായിരുന്നു ആ നീക്കം. എന്നാൽ സമയം കടന്നപ്പോൾ, ആ നിലപാട് തന്നെ അമേരിക്കയ്ക്ക് തിരുത്തേണ്ടിവന്നു. ഇന്ത്യയ്‌ക്കെതിരായ കർശനമായ താരിഫ് ഭീഷണികളിൽ നിന്ന് പിന്നോട്ട് പോയ അമേരിക്ക, 18% എന്ന നിലയിലേക്കാണ് തീരുവ കുറച്ചിരിക്കുന്നത്.

ഇത് വെറും ഒരു നയമാറ്റമല്ല — ഇന്ത്യയുടെ സാമ്പത്തിക ശക്തിയും തന്ത്രപരമായ പ്രസക്തിയും അംഗീകരിച്ച ഒരു തിരിച്ചുവരവാണ്. ഇത് അമേരിക്കയുടെ മാത്രം കഥയുമല്ല.യുകെയും ഇന്ത്യയുമായി സമാനമായ നിലപാടിലേക്കാണ് നീങ്ങുന്നത്. ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ വ്യാപാര തന്ത്രങ്ങളിൽ ഇന്ത്യ നിർണായക പങ്കാളിയായി മാറുകയാണ്. അങ്ങനെ ആഗോള ശക്തിരാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇന്ത്യ.

തീരുവകളല്ല, തന്ത്രം, ഇന്ത്യയുടെ ഗ്ലോബൽ പവർ മൂവ്മെന്റ് തന്നെയാണത്.റഷ്യയുടെ കാര്യത്തിൽ ചരിത്രപരമായിറഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ഊർജ്ജത്തേക്കാൾ പ്രതിരോധത്തെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ ഒരു ഭാഗം മാത്രമേ റഷ്യ നൽകിയിട്ടുള്ളൂ, 2025 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലെ കണക്കനുസരിച്ച്, 35.8– 37% വിഹിതം ബാക്കിയുള്ളവ ഇറാഖ്,സൗദി അറേബ്യ,യുഎസ്എ എന്നിവിടങ്ങളിൽ നിന്നുമാണ്.

എണ്ണ ഇറക്കുമതിക്കപ്പുറം പ്രതിരോധം,ടെക്നോളജി തുടങ്ങിയ അതിനിർണായകമായ ഏരിയകളിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണ് ഇന്ത്യക്കും റഷ്യക്കുമുള്ളത് . ഇന്ത്യയുടെ സൈനിക ഹാർഡ്‌വെയറിന്റെ 60% ത്തിലധികവും റഷ്യൻ നിർമ്മിതമായതിനാൽ, ബഹിരാകാശം, സംയുക്ത ബഹിരാകാശ പര്യവേക്ഷണം, ആണവോർജ്ജം എന്നിവയിൽ ആഴത്തിലുള്ള സഹകരണം ഉൾക്കൊള്ളുന്ന ഈ ബന്ധം ഇന്ത്യയുടെ സുരക്ഷയ്ക്ക് അടിത്തറയിടുന്നു.

SIPRI റിപ്പോർട്ടുകൾ പ്രകാരം, 2020 നും 2024 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36% സംഭാവന ചെയ്യുന്ന റഷ്യ, ഇന്ത്യയിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരിൽ മുൻപന്തിയിൽ തുടരുകയാണ്. റഷ്യയാണ് ഏറ്റവും വലിയ വിതരണക്കാരൻ എങ്കിലും, ഇന്ത്യ ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവരികയാണ്,ഒരൊറ്റ വിതരണക്കാരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും,സ്വയംപര്യാപ്ത ഇന്ത്യ ലക്ഷ്യത്തോടെയുള്ള ആത്മനിർഭർ ഭാരത് എന്ന വലിയ സ്വപനത്തിനും വേണ്ടികൂടിയാണ് ഈ ഡിപെൻഡൻസി കുറച്ചത്.2009 ൽ 76% ആയിരുന്നത് 2024 ൽ 36% ആയി കുറച്ചിരുന്നു എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര കണ്ട നിസ്സാരവത്കരിക്കേണ്ടതില്ല.

2025–2026 ലെ കണക്കനുസരിച്ച്, ഗ്ലോബൽ ഫയർപവർ (GFP) സൂചിക പ്രകാരം അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ ഇന്ത്യൻ സായുധ സേന ലോകത്തിലെ ഏറ്റവും പവർഫുൾ ആയ മിലിറ്ററികളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്, രാജ്യത്തിൻറെ ഏറ്റവും നിർണായകമായ മിലിറ്ററിക്ക് ആവശ്യമായ ഡിഫെൻസ് എക്വിപ്മെന്റ്സ് വിതരണത്തിൽ ഒന്നാമത് നിൽക്കുന്നത് റഷ്യ തന്നെയാണ് . എനർജി ഇടപാടുകൾക്കപ്പുറം 78 വർഷമായി തുടരുന്ന ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണുള്ളത്.

ബ്രഹ്മോസ് മിസൈലുകൾ, Sukhoi 30MKI fighter jets,T-90 ടാങ്കുകൾ, AK-203 റൈഫിളുകൾ തുടങ്ങിയവ അതി നിർണായകമാണ്.അതിവേഗ ആക്രമണ ശേഷിയുള്ള ഇന്ത്യയുടെ മിലിറ്ററി മോടെർമിസഷന്റെ ഭാഗമായ പങ്കാളിത്തം എനർജിയെക്കാൾ എത്രയോ മുകളിലാണ് എന്നതിൽ സംശയമില്ല . രാജ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വായു, കര, കടൽ എന്നിവയിലുടനീളം സമാനതകളില്ലാത്ത വേഗത, കൃത്യത, പ്രവർത്തന വൈവിധ്യം എന്നിവയാണ് പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്നു.അതുകൊണ്ട് തന്നെ അമേരിക്കയ്ക്കു വേണ്ടി എണ്ണയുടെ പേരിൽ റഷ്യ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല.

ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെടെ ഇന്ത്യ തദ്ദേശീയ സംവിധാനങ്ങൾക്കൊപ്പം ഫ്രഞ്ച്, ഇസ്രായേൽ , റഷ്യൻ എക്വിമെന്റ്സാണ് ഉപയോഗിച്ചതിൽ അധികവും. മിസൈലുകൾ മുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വരെ, യുദ്ധവിമാനങ്ങൾ മുതൽ ഇലക്ട്രോണിക് യുദ്ധം വരെ, യുദ്ധക്കളത്തിൽ ഇന്ത്യയുടെ മുൻതൂക്കം രൂപപ്പെടുത്താൻ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ബ്രഹ്മോസ് എന്ന പേര് രണ്ട് നദികളുടെ സംയോജനമാണ്. ഇന്ത്യയിലെ ബ്രഹ്മപുത്രയും റഷ്യയിലെ മോസ്‌ക്വയും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള, പ്രത്യേകിച്ച് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രതീകമായാണ് ഈ പേര് പോലും തിരഞ്ഞെടുത്തത്. ഓപ്പറേഷൻ സിന്ദൂരിൽ, അതിന്റെ പങ്ക് അതിശയകരമായിരുന്നു.

ഇന്ത്യയുടെ വ്യോമശക്തിയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ സുഖോയ് യുദ്ധവിമാനങ്ങൾ, റഷ്യയുടെ ലൈസൻസിൽ ഇന്ത്യയിൽ നിർമ്മിച്ചതും, ആക്രമണമുന്നണിയിൽ നിർണായകമായ പ്രത്യാക്രമണങ്ങൾ നടത്തിയത്തിൽ സുഖോയ് യുദ്ധവിമാനങ്ങളുടെ പങ്ക് ചെറുതല്ല. ഓപ്പറേഷൻ സിന്ദൂർ ഒറ്റപ്പെട്ട ഉദാഹരണമല്ല. ആണവോർജം മുതൽ ബഹിരാകാശ പര്യവേക്ഷണം, അന്തർവാഹിനി വികസനം വരെയുള്ള തന്ത്രപരമായ സാങ്കേതികവിദ്യകളുടെ മുഴുവൻ ശ്രേണിയിലും ഇന്ത്യ-റഷ്യ പങ്കാളിത്തം വ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ സിവിലിയൻ ആണവ പദ്ധതിക്ക് ശക്തി പകരുന്നത് റഷ്യൻ റിയാക്ടറുകളാണ്.

ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന തത്വം എപ്പോഴും “സ്ട്രാറ്റജിക് ഓട്ടോണോമി ” തന്നെയാണ്. ഒരു ശക്തികേന്ദ്രത്തിന്റെ സമ്മർദ്ദത്തിലും പൂർണ്ണമായി ചാഞ്ഞുനിൽക്കാതെ, ദേശീയ താൽപര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുന്ന സമീപനമാണ് ഇന്ത്യ പിന്തുടരുന്നത്. യുഎസുമായുള്ള വ്യാപാര കരാറും, റഷ്യയുമായുള്ള ദീർഘകാല ബന്ധവും പരസ്പരം വിരുദ്ധമല്ല , മറിച്ച്, ഇന്ത്യയുടെ മൾട്ടി-അലൈൻമെന്റ് നയത്തിന്റെ ഭാഗങ്ങളാണ്.

ഈ യുഎസ്–ഇന്ത്യ വ്യാപാര കരാറിനെ റഷ്യയ്‌ക്കെതിരായ ഒരു നീക്കമായി വായിക്കുന്നതിനപ്പുറത്തേക്ക് . ഇത് ഇന്ത്യയ്ക്ക് അനുകൂലമായ ഒരു സാമ്പത്തിക-വ്യാപാര പുനഃസംഘടന ആണ് , ഇന്ത്യയുടെ വളർച്ച, ഇൻവെസ്റ്റ്മെന്റ് അട്ട്രാക്ടിവെൻസ് , കയറ്റുമതി മത്സരക്ഷമത എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നടപടിയായി മാത്രമേ കാണാൻ കഴിയുകയുള്ളു.

ഇന്ത്യ റഷ്യയുമായുള്ള ബന്ധം ഒറ്റയടിക്ക് മുറിച്ചെറിയില്ലെന്നും,യുഎസുമായുള്ള കരാർ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് അനുകൂലമാണെന്നുമുള്ള ഈ വ്യക്തത തന്നെയാണ് ഓഹരി വിപണികൾക്കും ആശ്വാസമായത്. അമേരിക്കയോ റഷ്യയോ എന്ന തിരഞ്ഞെടുപ്പുമല്ല. ഊർജ്ജസുരക്ഷയും പ്രതിരോധ സുരക്ഷയും വിട്ടുവീഴ്ച ചെയ്യാതെ, ഒരേ സമയം യുഎസുമായും റഷ്യയുമായും പ്രവർത്തിക്കാനുള്ള ശേഷിയാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തി. ആഗോള വിപണികൾ ഇതിനെ ഇന്ത്യയുടെ തന്ത്രപരമായ പക്വതയായി തന്നെയാണ് കാണുന്നത്. ആഗോള ശക്തിരാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇതിലൂടെ ഇന്ത്യ.

Content Highlights: India Balances US Trade Deal with Strategic Ties to Russia: Economic Growth Without Compromising Defence and Energy Security

To advertise here,contact us