നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന് മെട്രോ ട്രെയിനുകള് വലിയ പങ്കാണ് വഹിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങള്ക്കിടയിലൂടെയും ഭൂമിക്കടിയിലൂടെയും സഞ്ചരിക്കുന്ന മെട്രോ സംവിധാനങ്ങള് ഇന്ന് പല രാജ്യങ്ങളിലുമുണ്ട്. എന്നാല് ചില മെട്രോ സ്റ്റേഷനുകള് ഭൂമിയുടെ ഉപരിതലത്തില്നിന്ന് എത്രയോ മീറ്ററുകള് താഴെയാണ് നിര്മിച്ചിരിക്കുന്നത് എന്ന് അറിയാമോ? ചിലയിടങ്ങളില് പ്ലാറ്റ്ഫോമിലെത്താന് ദീര്ഘനേരം എസ്കലേറ്ററിലൂടെ യാത്ര ചെയ്യേണ്ടിവരും. ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനുകളെക്കുറിച്ചും ഇന്ത്യയില് വരാനിരിക്കുന്ന പുതിയ മെട്രോ സ്റ്റേഷനെക്കുറിച്ചും അറിയാം.
ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി അറിയപ്പെടുന്നത് ചൈനയിലെ ചോങ്കിങ് നഗരത്തിലുള്ള ഹോങ്യാന്കുന് സ്റ്റേഷനാണ്. ഭൂമിയുടെ ഉപരിതലത്തില്നിന്ന് ഏകദേശം 116 മീറ്റര് ആഴത്തിലാണ് ഈ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ഏകദേശം 40 നിലകളുള്ള കെട്ടിടത്തിന്റെ ഉയരത്തോട് താരതമ്യം ചെയ്യാവുന്ന ആഴമാണിത്. സ്റ്റേഷന്റെ പ്രവേശനകവാടത്തില്നിന്ന് പ്ലാറ്റ്ഫോമിലെത്താന് എസ്കലേറ്ററിലൂടെ മാത്രം സഞ്ചരിച്ചാല് എട്ട് മിനിറ്റോളം വേണ്ടിവരുമെന്നാണ് റിപ്പോര്ട്ടുകള്. ഇത്രയും ആഴത്തില് സ്ഥിതി ചെയ്യുന്നതിനാല് യാത്രക്കാര്ക്ക് സൗകര്യപ്രദമായി താഴെയെത്താന് ലിഫ്റ്റുകളും എസ്കലേറ്ററുകളും ഉള്പ്പെടെയുള്ള സംവിധാനങ്ങളുണ്ട്.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ മെട്രോ സംവിധാനവും അതിന്റെ ആഴത്തിന്റെ പേരില് ശ്രദ്ധേയമാണ്. 1970കളില് വികസിപ്പിച്ച ഈ മെട്രോ ശൃംഖലയിലെ ചില സ്റ്റേഷനുകള് ഭൂമിക്കടിയില് വളരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആഴത്തിലുള്ള മെട്രോ സ്റ്റേഷനുകള് ഗതാഗതസൗകര്യത്തിന് മാത്രമല്ല, അടിയന്തര സാഹചര്യങ്ങളില് ആളുകള്ക്ക് അഭയം നല്കാനുള്ള സൗകര്യമായും രൂപകല്പ്പന ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാല് പ്യോങ്യാങിലെ എല്ലാ സ്റ്റേഷനുകളും ഒരേ ആഴത്തിലല്ല സ്ഥിതി ചെയ്യുന്നത്.
യുക്രെയ്ന് തലസ്ഥാനമായ കീവിലെ ആഴ്സനാല്ന മെട്രോ സ്റ്റേഷന് ഏറെക്കാലം ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി അറിയപ്പെട്ടിരുന്നു. ഭൂമിയുടെ ഉപരിതലത്തില്നിന്ന് ഏകദേശം 105.5 മീറ്റര് താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെത്താന് നീളമേറിയ എസ്കലേറ്ററിലൂടെ സഞ്ചരിക്കണം. ഭൂമിക്കടിയില് ഇത്രയും ആഴത്തില് സ്റ്റേഷന് നിര്മിക്കുന്നത് എന്ജിനീയര്മാര്ക്ക് വലിയ വെല്ലുവിളിയായിരുന്നു. മണ്ണിന്റെ സ്വഭാവം, ഭൂഗര്ഭജലത്തിന്റെ സമ്മര്ദം തുടങ്ങിയ ഘടകങ്ങളും നിര്മാണത്തില് പ്രധാനമാണ്. 2022ല് റഷ്യ-യുക്രെയ്ന് യുദ്ധം രൂക്ഷമായ സമയത്ത് മിസൈല് ആക്രമണങ്ങളില്നിന്ന് രക്ഷനേടാന് കീവിലെ മെട്രോ സ്റ്റേഷനുകള് പലരും അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നു.
യുക്രെയ്നിലെ മറ്റൊരു പ്രധാന മെട്രോ സ്റ്റേഷനാണ് സൊലോട്ടി വൊറോട്ട. ഏകദേശം 96.5 മീറ്റര് ആഴത്തിലാണ് ഈ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ആഴം മാത്രമല്ല മനോഹരമായ വാസ്തുവിദ്യയും ഈ സ്റ്റേഷനെ വ്യസ്യസ്തമാക്കുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ഓര്മിപ്പിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളും രൂപകല്പ്പനയും ഇവിടെയുണ്ട്. 1989 ല് പ്രവര്ത്തനം ആരംഭിച്ച ഈ സ്റ്റേഷന് യൂറോപ്പിലെ മനോഹരമായ മെട്രോ സ്റ്റേഷനുകളിലൊന്നായും കണക്കാക്കപ്പെടുന്നു.
ചൈനയിലെ ചോങ്കിങ് നഗരത്തിലെ മറ്റൊരു ശ്രദ്ധേയമായ സ്റ്റേഷനാണ് ഹോങ്ടുഡി. ഏകദേശം 94.5 മീറ്റര് ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള് കാരണം ഇവിടെ മെട്രോ സംവിധാനങ്ങള് നിര്മിക്കുന്നത് വലിയ എന്ജിനീയറിങ് വെല്ലുവിളിയാണ്. വ്യത്യസ്ത മെട്രോ ലൈനുകള് തമ്മില് ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഷനില് യാത്രക്കാര്ക്ക് ഒരു ലൈനില്നിന്ന് മറ്റൊന്നിലേക്ക് മാറാന് ദീര്ഘദൂരം സഞ്ചരിക്കേണ്ടിവരും. നിരവധി എസ്കലേറ്ററുകളും യാത്രക്കാരുടെ സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മെട്രോ സ്റ്റേഷനുകള് ആഴത്തിന്റെ പേരില് ശ്രദ്ധ നേടുമ്പോള് ഇന്ത്യയിലും പുതിയൊരു എന്ജിനീയറിങ് വിസ്മയത്തിന് വഴിയൊരുങ്ങുകയാണ്. ഉത്തര്പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലെ പാണ്ഡേയ്ഗഞ്ചിലാണ് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷന് നിര്മിക്കാന് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലെ പദ്ധതിപ്രകാരം ഭൂമിയുടെ ഉപരിതലത്തില്നിന്ന് ഏകദേശം 35 മുതല് 38 മീറ്റര് വരെ ആഴത്തിലായിരിക്കും സ്റ്റേഷന്. നിലവില് ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി അറിയപ്പെടുന്ന ഹൗറ സ്റ്റേഷനെക്കാള് ആഴത്തിലായിരിക്കും ഇത്.
ലഖ്നൗ മെട്രോയുടെ ഈസ്റ്റ്വെസ്റ്റ് കോറിഡോറിന്റെ ഭാഗമായാണ് പാണ്ഡേയ്ഗഞ്ച് സ്റ്റേഷന് നിര്മിക്കുന്നത്. ഏകദേശം 11 കിലോമീറ്ററിലധികം നീളമുള്ള നിര്ദിഷ്ട പാതയില് ഒന്നിലധികം ഭൂഗര്ഭ സ്റ്റേഷനുകളുണ്ടാകും. ഈ സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത ട്രാക്കുകളുടെ ക്രമീകരണമാണ്. സ്ഥലപരിമിതി കാരണം മെട്രോ ട്രാക്കുകള് സാധാരണപോലെ ഒരേ നിരയില് സമാന്തരമായി സ്ഥാപിക്കുന്നതിന് പകരം വ്യത്യസ്ത ഉയരങ്ങളില് ക്രമീകരിക്കാനാണ് പദ്ധതി. അതായത് ഒരു ട്രാക്കിന് മുകളിലായി മറ്റൊരു ട്രാക്ക് വരും.
പദ്ധതി പൂര്ത്തിയാകുന്നതോടെ ഇന്ത്യയിലെ മെട്രോ വികസനത്തില് പാണ്ഡേയ്ഗഞ്ച് സ്റ്റേഷന് ശ്രദ്ധേയമായ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷ. എന്നാല് നിര്മാണം പൂര്ത്തിയാകുന്നതുവരെ ഇതിനെ നിലവില് പ്രവര്ത്തിക്കുന്ന ഏറ്റവും ആഴമേറിയ സ്റ്റേഷനായി വിശേഷിപ്പിക്കാനാകില്ല.
Content Highlights :From the outside, they may look like ordinary metro stations. But venture underground, and you are greeted by truly astonishing sights! Deep-level metro stations found across the globe—from China to Ukraine—stand as remarkable examples of engineering excellence. Now, a new record is in the making in India as well.