18 ലിറ്റർ പാൽ തരുമെന്ന് പറഞ്ഞ പശു തന്നത് വെറും 2 ലിറ്റർ; ഒടുവിൽ കോടതി കയറി കാസര്‍ഗോട്ടെ പശുക്കച്ചവടം

കാസര്‍ഗോഡ് സ്വദേശിയായ മത്തായി പരാതി പറയാന്‍ ചെന്നപ്പോള്‍ പശുവിനെയും കിടാവിനെയും മുന്‍ ഉടമ പിടിച്ചുവെച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്

ഈ സംഭവം നടക്കുന്നത് കേരളത്തിന്റെ വടക്കേ അറ്റത്താണ്. കാസര്‍കോടുകാരനായ മത്തായി ഒരു പശുവിനെ വാങ്ങുന്നു. ദിവസേന 18 ലിറ്റര്‍ പാലു കിട്ടുമെന്ന അതേ ജില്ലക്കാരനായ ഗണേഷ് റാവുവിന്റെ ഉറപ്പിലാണ് അയാളില്‍ നിന്ന് ആ ഗര്‍ഭണിയായ പശുവിനെ മത്തായി 36,500 രൂപ നല്‍കി വാങ്ങുന്നത്. പക്ഷെ കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മത്തായിക്ക് മനസിലാകുന്നത്.

പശുവിന്റെ പ്രസവശേഷം കിട്ടിയത് വെറും രണ്ട് ലിറ്റര്‍ പാലുമാത്രം. അതും പോരാഞ്ഞ്, പശു ആണെങ്കില്‍ ഒരു രീതിയിലും മനുഷ്യന്മാരുമായി സഹകരിക്കാത്ത സ്വഭാവവും കാണിച്ചു തുടങ്ങി. കിടാവിന് പോലും പശു പാലു കൊടുക്കാത്ത അവസ്ഥ.

സഹികെട്ട മത്തായി ഗണേഷ് റാവുവിന്റെ വീട്ടില്‍ പോയി പരാതി പറഞ്ഞു. പരാതി പറയാനെത്തിയ മത്തായിക്കെതിരെ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് ഗണേഷ് റാവുവും കുടുംബവും പരാതി നല്‍കി. പിന്നീട് പൊലീസിന്റെ മധ്യസ്ഥതയില്‍ പശുവിനെ വീട്ടില്‍ കൊണ്ടു വന്നാല്‍ കറന്ന് കാണിക്കാമെന്ന് ഗണേഷ് റാവു, അവസാനം മത്തായി ഗണേഷ് റാവുവിന്റെ വീട്ടില്‍ പശുവുമായി എത്തി. അപ്പോഴാണ് മത്തായി വീണ്ടും ചതിക്കപ്പെടുന്നത്, പശുവിനെയും കുഞ്ഞിനെയും ഇനി വിട്ടുതരില്ലെന്നായി റാവുവും കുടുംബവും.

മത്തായി അധികൃതരുടെ അടുത്തേക്ക് സഹായത്തിനായി ചെന്നു. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചു. പക്ഷേ റാവു ഹാജരാകാന്‍ തയ്യാറായില്ല. പിന്നീട് മത്തായി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചു. അവിടെ വച്ച് വളരെ വിചിത്രമായ വാദമാണ് റാവു ഉന്നയിച്ചത്. അങ്ങനൊരു പശുകച്ചവടം നടന്നിട്ടില്ലെന്നായിരുന്നു റാവുവിന്റെ വാദം. പക്ഷെ അത് വില പോയില്ല. കമ്മീഷന്‍ മത്തായിക്ക് അനുകൂലമായി വിധിച്ചു. പശുവിനായി മത്തായി ചിലവാക്കിയ തുക തിരികെ നല്‍കാന്‍ മാത്രമല്ല, നഷ്ടപരിഹാരവും ഒപ്പം കേസിന്റെ നടത്തിപ്പിനായി ചിലവായി തുകയും നല്‍കാനും റാവുവിനോട് നിര്‍ദ്ദേശിച്ചു.

റാവു പക്ഷെ തോറ്റുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ റാവു അപ്പീല്‍ നല്‍കി. മത്തായിയുടെ പരാതിയെ ഇവിടെയും റാവു നിഷേധിച്ചു. പശുവിനെ വാങ്ങിയത് തെളിയിക്കാന്‍ മത്തായിക്ക് ഒരു രസീതും ഹാജരാക്കാന്‍ കഴിയില്ലെന്നും സേവനത്തിലെ പോരായ്മ നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന്റെ വാമൊഴി തെളിവുകള്‍ മാത്രം പര്യാപ്തമല്ലെന്നും റാവു വാദിച്ചു.

എന്നാല്‍, പശുവിനെ വാങ്ങുന്നത് പോലുള്ള ഇടപാടുകളില്‍ രേഖാമൂലമുള്ള തെളിവുകള്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍, വിശ്വസനീയവും ബോധ്യപ്പെടുത്തുന്നതുമാണെങ്കില്‍ വാമൊഴി തെളിവുകള്‍ പരിഗണിക്കാവുന്നതാണ്. പിന്നെ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ രേഖാമൂലമുള്ള തെളിവുകള്‍ ആവശ്യപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമായിരിക്കും, ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് എതിരാണെന്ന് ബെഞ്ച് പറഞ്ഞു.

മത്തായിയെ ജില്ലാ ഫോറം ക്രോസ് വിസ്താരം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരാതിക്കാരന്റെ തെളിവുകള്‍ ചോദ്യം ചെയ്യപ്പെടാത്ത സാക്ഷ്യപത്രമായും കമ്മീഷന്‍ കണ്ടു. അങ്ങനെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, റാവുവില്‍ നിന്ന് ചതിക്കപ്പെട്ടുവെന്ന് മത്തായിയുടെ മൊഴിയില്‍ നിന്ന് ബോധ്യമായെന്ന് കമ്മീഷന്‍ അന്തിമമായി പറഞ്ഞു.

മത്തായിയില്‍ നിന്ന് റാവു വാങ്ങിയ 36,500 രൂപ തിരികെ നല്‍കാനും, നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവായി 5,000 രൂപയും നല്‍കാനും നിര്‍ദ്ദേശിച്ച ജില്ലാ ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷന്‍ ശരിവച്ചു. അതോടെ കാസര്‍കോട്ടെ ഈ പശുക്കഥയ്ക്കും നിയമപ്പോരിനും അവസാനമായി.

Content Highlights: Kasargod man goes to consumer court after he was betrayed in a cow related deal

To advertise here,contact us