കൈ കഴുകാൻ ചോക്ലേറ്റ്, ബില്ല് 26,000 രൂപ! എന്താണ് ഈ 'ചോക്കോതെറാപ്പി'?

വ്യത്യസ്തമായ ഡൈനിംഗ് അനുഭവം സമ്മാനിക്കുവാൻ 'ചോക്കോതെറാപ്പി'

വീട്ടിലെയും ഹോസ്റ്റലിലെയും ഭക്ഷണം കഴിച്ചു മടുക്കുമ്പോൾ ഒരു ചേഞ്ചിന് വേണ്ടി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ കാലം മാറിയതിന് അനുസരിച്ച്‌ ഈ ഡൈനിംഗ് ശീലത്തിനും മാറ്റം വന്നിട്ടുണ്ട്.

ആഴ്ചയിൽ ഒരിക്കൽ പുറത്ത് പോയി ഭക്ഷണം കഴിക്കുക, സുഹൃത്തുക്കൾക്കൊപ്പം സൗഹൃദം പങ്കിടാൻ, സഹപ്രവർത്തകർക്കൊപ്പം ഓഫീസ് ഡൈനിംഗ്, ഡേറ്റ് ഡൈനിംഗ് അങ്ങനെ പലതരം ഡൈനിംഗ്. ഒരു ഹോട്ടലിൽ കയറി ഇഷ്ടവിഭവം ഓർഡർ ചെയ്ത് കഴിച്ച്‌ മടങ്ങുന്നത് ഒരു പഴങ്കഥയായി മാറാൻ തുടങ്ങിയിരിക്കുന്നു.

ഇന്ന് ഓരോ ഡൈനിംഗും എന്നും ഓർത്തിരിക്കാൻ മാത്രം വ്യത്യസ്തമാക്കാൻ ശ്രമിക്കുകയാണ് റെസ്റ്റോറന്റ് മേഖല. അതിനായി പുതിയ വിഭവങ്ങൾ മാത്രമല്ല പുതിയ ചില രീതികൾ കൂടി ഇവർ ഉൾപ്പെടുത്തുകയാണ്.

ഇന്നത്തെ താരം ചോക്കോതെറാപ്പി ആണ്. ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് വിഭാവനം ചെയ്ത മയാമിയിലും വാഷിംഗ്ടൺ ഡി സിയിലും സ്ഥിതി ചെയ്യുന്ന മിഷേലിൻ സ്റ്റാർഡ് എൽസീലോയിലാണ് ചോക്കോതെറാപ്പി ലഭ്യമാകുക.

എന്താണ് ചോക്കോതെറാപ്പി?

ചോക്കോതെറാപ്പി ഒരു പ്രത്യേക ഡൈനിംഗ് സ്റ്റൈൽ ആണ്. ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ ഭക്ഷണത്തിന് മുൻപ് ചോക്ലേറ്റ് കയ്യിൽ ഒഴിച്ച് കൈ കഴുകുന്ന രീതിയാണ് ചോക്കോതെറാപ്പി. ഇതുകൊണ്ട് എന്ത് ഉപകാരം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും ഷെഫ് ജുവാൻ മാനുവലിന്റെ കയ്യിലുണ്ട്.

പണ്ട് കുഞ്ഞായിരുന്നപ്പോൾ ചോക്ലേറ്റ് കിട്ടിയാൽ നമ്മൾ എന്താണ് ചെയ്തിരുന്നത്? ഇന്ന് മുതിർന്നപ്പോൾ ചെയ്യുന്നപോലെ വൃത്തിയായി ടേബിൾ മാനേഴ്സും മറ്റും പാലിച്ചാണോ നമ്മൾ അന്ന് ചോക്ലേറ്റ് കഴിച്ചിരുന്നത്? ഒരിക്കലുമല്ല. ചോക്ലേറ്റ് നമ്മുടെ കയ്യിലും മുഖത്തും എന്തിന് വസ്ത്രത്തിൽ വരെ പറ്റാറുണ്ട്. ആ കാലഘട്ടം ഒരിക്കൽ കൂടി അനുഭവവേദ്യമാക്കുകയാണ് ചോക്കോതെറാപ്പി ചെയ്യുന്നത്. ചോക്ലേറ്റിന്റെ രുചിക്കൊപ്പം മണവും, ഫീലും അനുഭവിക്കുക, ആസ്വദിക്കുക. കുറച്ചു നേരത്തേക്ക് കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നടക്കുക, ഇത്രമാത്രം.

എങ്ങനെയാണ് ചോക്കോതെറാപ്പി ചെയ്യുന്നത്?വളരെ ലളിതമാണ് ചോക്കോതെറാപ്പി. ഭക്ഷണത്തിന് എത്തിയ അതിഥികൾക്ക് ആദ്യം കൈ തുടക്കാനുള്ള ഒരു ടവൽ ആണ് നൽകുക. ശേഷം വെയ്റ്റർ ചെറുതായി ചൂടാക്കിയ കുറച്ച്‌ ചോക്ലേറ്റ് അതിഥിയുടെ കൈയിലേക്ക് ഒഴിക്കുന്നു. അതിഥികൾ പതുക്കെ ചോക്ലേറ്റ് ഉപയോഗിച്ച് കൈകൾ തമ്മിൽ കൂട്ടി തിരുമ്മുന്നു. ഏതു ചെയ്യുമ്പോൾ മനസ്സിൽ തോന്നുന്ന സന്തോഷം, കുട്ടിക്കളി എല്ലാം അതിഥികളെ തങ്ങളുടെ കുട്ടിക്കാലം ഓർക്കാനും സ്മരണകൾ അയവിറക്കാനും അനുഭവിക്കാനും സാഹചര്യം ഒരുങ്ങുന്നു എന്നാണ് ഷെഫ് ജുവാൻ മാനുവലിന്റെ വാദം. പിന്നീട് ഒരു ബൗൾ വെള്ളത്തിൽ കൈയിൽ പുരണ്ട ചോക്ലേറ്റ് കഴുകി കളഞ്ഞ് ടിഷ്യു പേപ്പർ ഉപയോഗിച്ച് കൈ തുടച്ച്‌ വൃത്തിയാക്കുന്നു. ഇത്രേയുള്ളൂ ചോക്കോതെറാപ്പി.

ചോക്കോതെറാപ്പിക്ക് ശേഷം അതിഥികൾ തങ്ങളുടെ ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്ത് കഴിക്കുകയാണ് പതിവ്. എന്നാൽ ഈ ചോക്കോതെറാപ്പിക്ക് മാത്രം വരുന്ന റെസ്റ്റോറന്റ് ബില്ല് 26,000 രൂപയാണ്.

Content Highlights: Chocotherapy is gaining significant traction on social media as a unique and immersive new form of dining experience.

To advertise here,contact us