സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ...

രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ പിന്നിലെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരുന്നോളൂ

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ ഒന്നല്ല രണ്ടും മൂന്നും വരെ ചിലര്‍ പപ്പടം സദ്യയ്ക്കൊപ്പവും അല്ലാതെയും കഴിക്കും. എന്നാല്‍ ഇങ്ങനെ രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ പപ്പടത്തിന് പിന്നിലെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരുന്നോളൂ.

പപ്പടത്തിന് പിന്നിലെ ആരോഗ്യ പ്രശ്‌നങ്ങള്‍

പണ്ട് വീടുകളില്‍ തന്നെ കടലമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം പോലെയല്ല ഇന്നത്തെ വിപണിയിലെ പപ്പടം. വിവിധ തരം മായം ഇവയിൽ ഒളിഞ്ഞിരുപ്പുണ്ട്. ഒരു പപ്പടത്തില്‍ ഏതാണ്ട് 35 മുതല്‍ 40 വരെ കാലറിയും 3.3 ഗ്രാം പ്രോട്ടീനും 0.42 ഗ്രാം കൊഴുപ്പുമാണുണ്ടാവുക. ഇതിന് പുറമെ 228 മി.ഗ്രാം സോഡിയവും പപ്പടത്തിൽ ഉൾപ്പെടുന്നു.

ഉയര്‍ന്ന സോഡിയത്തിൻ്റെ ഉള്ളടക്കം

ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പപ്പടങ്ങളില്‍ സോഡിയത്തിന്റെ ഉള്ളടക്കം കൂടുതലാണെന്നാണ് കണ്ടെത്തല്‍. സോഡിയം അടിസ്ഥാനമാക്കിയുള്ള പ്രിസര്‍വേറ്റീവുകളായ സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ് എന്നിവയാണ് പപ്പടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും വൃക്കരോഗങ്ങള്‍ക്കും ഹൃദയസംബന്ധിതമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. ഇവ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളും ഹൃദയ സംബന്ധിതമായ അസുഖങ്ങളും ഉള്ള വ്യക്തികള്‍ക്ക്, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അക്രിലാമൈഡിന്റെ സാന്നിധ്യം

അസ്പരാഗിന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന അക്രിലാമൈഡിന്റെ സാന്നിധ്യമാണ് പപ്പടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം. ഉയര്‍ന്ന കാര്‍ബോഹൈഡറേറ്റ് അടങ്ങിയ പപ്പടം 120 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ അക്രിലാമൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കാന്‍സര്‍ ഹൃദയസംബന്ധിതമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രിസര്‍വേറ്റീവുകളും കൃത്രിമ രുചി തരുന്ന പദാര്‍ത്ഥങ്ങളും

കടകളില്‍ നിന്ന് വാങ്ങുന്ന പല പപ്പടങ്ങളിലും കൃത്രിമ രുചികളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. ''സാജി'' (സോഡിയം കാര്‍ബണേറ്റ്) പോലുള്ള സോഡിയം സാള്‍ട്ടുകള്‍ സാധാരണയായി രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. അമിതമായ സോഡിയത്തിൻ്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

പരിഹാരം

ആഴ്ചയിൽ ഒരിക്കല്‍ പപ്പടം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല. എന്നാല്‍ ആഘോഷങ്ങളോ ഉത്സവ ദിനങ്ങളോ പ്രമാണിച്ച് തുടര്‍ച്ചയായി സദ്യക്കൊപ്പമോ അല്ലാതെയോ പപ്പടം കഴിക്കുന്നത് ശരീരത്തെ ബാധിച്ചേക്കാം. അതിനായ മിതമായ അളവില്‍ പപ്പടം കഴിക്കുക. കൈകൊണ്ട് പപ്പടം നിര്‍മ്മിച്ച് വില്‍ക്കുന്ന വീടുകളില്‍ നിന്നോ ചെറുകിട സ്ഥാപനങ്ങിൽ നിന്നോ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ശ്രദ്ധയോടെ മിതമായി പപ്പടം കഴിക്കുന്നത് നിങ്ങളുടെ മനസിനും ശരീരത്തിനും സന്തോഷം പകരും.

Content Highlights- Do you eat more than two papads for dinner? But be aware of the health problems behind it.

To advertise here,contact us