പാമ്പ് ഇടയ്ക്കിടെ നാവ് പുറത്തേക്ക് നീട്ടുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നതാണ്. എന്നാല്‍ പാമ്പ് അങ്ങനെ ചെയ്യുന്നത് കോപം കൊണ്ടോ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതിനാലോ അല്ല. അതിന് പിന്നില്‍ പ്രകൃതിയുടെ അത്ഭുതകരമായ ഒരു ശാസ്ത്രമുണ്ട്.
മനുഷ്യര്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രധാനമായും കണ്ണും ചെവിയും ഉപയോഗിക്കുമ്പോള്‍ പാമ്പുകള്‍ smell''വാസന''യിലൂടെയാണ് പ്രധാനമായും ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത്. പാമ്പ് നാവ് ഉപയോഗിക്കുന്നത് വായുവിലെ ചെറിയ രാസകണങ്ങള്‍ ശേഖരിക്കാനാണ് .
നാവ് പുറത്തേക്ക് നീട്ടുമ്പോള്‍ വായുവിലുള്ള ചെറിയ കണികകളും ചുറ്റുപാടിലെ രാസസൂചനകളും(Chemical signs) നാവില്‍ പറ്റിപ്പിടിക്കും. പിന്നീട് അവ നാവ് അകത്താക്കി വായുടെ മുകളില്‍ ഉള്ള പ്രത്യേക അവയവമായ 'ജേക്കബ്സണ്‍സ് ഓര്‍ഗന്‍' (Jacobson's Organ / Vomeronasal Organ) എന്ന ഭാഗത്ത് സ്പര്‍ശിപ്പിക്കും. ഈ അവയവം ഈ കണികകളെ വിശകലനം ചെയ്ത് പാമ്പിന്റെ തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുന്നു. ഇതില്‍നിന്നാണ് പാമ്പിന് അതിന്റെ ചുറ്റുപാടും ഇരയോ ശത്രുവോ തടസ്സങ്ങളോ ഉണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
പാമ്പിന്റെ നാവ് രണ്ടായി പിളര്‍ന്നിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നാവിന്റെ ഇരുവശങ്ങളും വേര്‍തിരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഉദാഹരണത്തിന് ഇടതുവശത്ത് വാസനയുമായി ബന്ധപ്പെട്ട കൂടുതല്‍ കണികകള്‍ ലഭിച്ചാല്‍, ഇര ഇടതുവശത്താണെന്നും അപകടം ആ ദിശയില്‍ നിന്നാണെന്നും പാമ്പ് മനസ്സിലാക്കും. കൂടുതല്‍ കണികകള്‍ വലതുവശത്ത് പറ്റിപ്പിടിച്ചാല്‍ പാമ്പിന് അതിന്റെ ഇര വലതുവശത്താണുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ പാമ്പിന്റെ നാവ് ഒരു പ്രകൃതിദത്ത ജിപിഎസ് പോലെ പ്രവര്‍ത്തിക്കുന്നു.
ഇരയുടെ സ്ഥാനം കണ്ടെത്താന്‍, ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍, പങ്കാളിയെ കണ്ടെത്താന്‍,പുതിയ പ്രദേശം പരിശോധിക്കാന്‍ തുടങ്ങിയ കാര്യള്ക്കെല്ലാം പാമ്പ് അതിന്റെ നാവ് ഉപയോഗിക്കുന്നു. കാഴ്ച കുറവുള്ള പാമ്പുകള്‍ക്ക് ഇത് ജീവന് രക്ഷിക്കുന്ന പ്രധാന ഉപാധി കൂടിയാണ്.
പാമ്പ് ഇടയ്ക്കിടെ നാവ് നീട്ടുന്നത് ''അത് ആക്രമിക്കാന്‍ പോകുന്നു'' എന്ന സൂചനയായി പലരും കരുതാറുണ്ട്. യഥാര്‍ത്ഥ്യത്തില്‍ അത് പരിസരം മനസ്സിലാക്കാനുള്ള സ്വാഭാവിക പ്രവൃത്തിയാണ്. മനുഷ്യന് ചുറ്റും നോക്കുന്നതുപോലെ പാമ്പ് നാവ് ഉപയോഗിച്ച് ചുറ്റുപാടിനെ പഠിക്കുകയാണ്.
ഒരു ചെറിയ നാവ് ഉപയോഗിച്ച് വായുവിന്റെ ദിശയും മണവും ഇരയുടെ സാന്നിധ്യവും അപകടവും തിരിച്ചറിയുന്ന പാമ്പുകളുടെ കഴിവ് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. നമ്മള് ഭയത്തോടെ കാണുന്ന ആ ചെറിയ ചലനത്തിനുള്ളില്‍ പോലും അതിസൂക്ഷ്മമായ ശാസ്ത്രം ഒളിഞ്ഞിരിക്കുന്നു.
Content Highlights :Why does a snake stick out its tongue? There is a miracle of nature hidden behind it.