ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പങ്ങളെ വെല്ലുവിളിച്ച 26കാരി; അറിയണം സാന്‍ റേച്ചലിനെ കുറിച്ച്

വിവാഹബന്ധത്തിലെ വിള്ളലുകളാണോ മരണകാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

dot image

പരമ്പരാഗതമായ സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ട സാന്‍ റേച്ചല്‍ ഇനി ഓര്‍മ. പിതാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ സാന്‍ റേച്ചലിനെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയിലാണ് കണ്ടെത്തിയത്. ജീവന്‍ രക്ഷിക്കാന്‍ പല ആശുപത്രികളില്‍ മാറി മാറി പ്രവേശിപ്പിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞാറാഴ്ച പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പോസ്ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ വച്ചാണ് റേച്ചലിന്റെ മരണം സ്ഥിരീകരിച്ചത്. അമിതമായ ഗുളികകള്‍ കഴിച്ചതാണ് റേച്ചലിന്റെ മരണത്തിന് ഇടയാക്കിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് റേച്ചല്‍ വിവാഹിതയായത്. വിവാഹബന്ധത്തിലെ വിള്ളലുകളാണോ മരണകാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സാന്‍ റേച്ചല്‍ അല്ലെങ്കില്‍ സാന്‍ റേച്ചല്‍ ഗാന്ധിയെന്നും ശങ്കരപ്രിയയെന്നും അറിയപ്പെട്ടിരുന്ന ഇവര്‍ പുതുച്ചേരിയില്‍ നിന്നുള്ള പ്രശസ്തയായ മോഡലാണ്. ഇന്ത്യയിലെ വെളുത്ത നിറത്തോടുള്ള താല്‍പര്യങ്ങളെ പൊളിച്ച് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യസ്തമായ മാനം നല്‍കിയ മോഡലാണ് റേച്ചല്‍. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ വിജയിയാണവര്‍. മിസ് പോണ്ടിച്ചേരി (2020 - 2021), മിസ് ഡാര്‍ക്ക് ക്യൂന്‍(2019) എന്നിവയിലെ വിജയയായിരുന്ന റേച്ചല്‍, 2023ലെ മിസ് ആഫ്രിക്കന് ഗോഡന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. നിരവധി ഫാഷന്‍ ഷോകളിലെ സ്ഥിര സാന്നിധ്യമായിരുന്ന റേച്ചല്‍ പല പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്ത്രീകളെ പിന്തുണയ്ക്കുന്ന പ്രശസ്തമായ പ്ലാറ്റ്‌ഫോം Cotoയിലെ പോണ്ടിച്ചേരി ക്വീന്‍സ് കമ്മ്യൂണിറ്റിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ വര്‍ണവിവേചനത്തിന് ഇരയായിട്ടുള്ള സാന്‍ റേച്ചല്‍ അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തിത്വമാണ്. സൗന്ദര്യ - മോഡലിംഗ് മേഖലകളില്‍ എല്ലാവര്‍ക്കും അംഗീകാരം ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന സാന്‍ റേച്ചല്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സൗന്ദര്യത്തെ കുറിച്ചുള്ള സ്ഥിര സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്നതിനെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു. ഈ ലോകത്തുള്ള എല്ലാവര്‍ക്കും അവരുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നാണ് സാന്‍ റേച്ചല്‍ നിരന്തരം പറഞ്ഞിരുന്നത്.

സമൂഹം പറയുന്നതിന് വിപരീതമായി ചുറ്റുമുള്ള എല്ലാ വെല്ലുവിളികളെക്കാളും നിങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാന ഘടകം. നിറം, രൂപം, ഭാരം, നീളം എന്നിവയളക്കാതെ ഹൃദയത്തിലുള്ള ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമാകുന്ന ഒരു തലമുറയെയും അത്തരം മാറ്റങ്ങളുമാണ് സൗന്ദര്യ മേഖലയിലുള്‍പ്പെടെ എല്ലായിടത്തും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്നും സാന്‍ റേച്ചല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക, ഹെല്‍പ് ലൈന്‍ നമ്പരുകള്‍ - 1056, 0471 2552056)

Content Highlights: know something about Model San Rachel

dot image
To advertise here,contact us
dot image