
'എന്റെ ആത്മസുഹൃത്ത് രാധികയെ അവളുടെ അച്ഛന് തന്നെ കൊലപ്പെടുത്തി. അഞ്ചു തവണയാണ് അയാള് വെടിയുതിര്ത്തത്. അതില് നാലും അവളുടെ ശരീരത്ത് കൊണ്ടു. നിരന്തരമായ നിയന്ത്രിച്ചും വിമര്ശിച്ചും വര്ഷങ്ങളോളം അയാള് അവളുടെ ജീവിതം ദുരിതത്തിലാക്കി. അവസാനം അവളുടെ വളര്ച്ചയില് അസൂയ മൂത്ത ചിലരുടെ വാക്കുകള് അയാള് ചെവിക്കൊണ്ടു. ടെന്നിസ് കരിയറില് ഒരുപാട് കഠിനാധ്വാനം നടത്തിയാണ് അവള് ടെന്നിസ് അക്കാദമി ആരംഭിച്ചത്. അവള് നന്നായി പോവുകയായിരുന്നു. പക്ഷേ അവള് സ്വതന്ത്രയാവുന്നത് കാണാന് അവര്ക്ക് കഴിയില്ലായിരുന്നു. ഷോട്ട്സ് ധരിക്കുന്നതിനും ആണ്കുട്ടികളോട് സംസാരിക്കുന്നതിനും സ്വന്തമിഷ്ടപ്രകാരം ജീവിക്കുന്നതിനും അവര് അവളെ അപമാനിച്ചു.'… പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ രാധികയുടെ സുഹൃത്ത് ഹിമാന്ഷിക സിംഗ് രജ്പുത് സമൂഹമാധ്യമങ്ങളില് കുറിച്ച വരികളാണിത്.
ടെന്നിസ് പ്ലേയറായ 25കാരി രാധികയെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവം പുറത്ത് വന്നതിന് പിന്നാലെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പലരും പടച്ചുവിടുന്നതെന്നും യാഥാര്ഥ്യം പറയണമെന്ന് തോന്നിയത് കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ഹിമാന്ഷിക പറയുന്നു. രാധിക മരിച്ച മൂന്ന് ദിവസം കഴിയുമ്പോഴാണ് സുഹൃത്ത് വീഡിയോ പങ്കുവച്ച് ചില വെളിപ്പെടുത്തലുകള് നടത്തിയിരിക്കുന്നത്.
'നിയന്ത്രണങ്ങള് കൊണ്ട് നിറഞ്ഞ സ്ഥിതിയായിരുന്നു രാധികയുടെ വീട്ടില്, നീളം കുറഞ്ഞ വസ്ത്രങ്ങള് ധരിക്കുന്നുവെന്ന് പറഞ്ഞ് നിരന്തരം അവളെ അപമാനിക്കുമായിരുന്നു. 2012ലോ 2013ലോ ആണ് ഞങ്ങള് ഇരുവരും ടെന്നിസ് ഒരുമിച്ച് കളിച്ച് തുടങ്ങിയത്. ഒരുമിച്ച് യാത്ര ചെയ്തു, മത്സരങ്ങളില് പങ്കെടുത്തു. കുടുംബത്തിന് പുറത്തുള്ള ആരെങ്കിലുമായി അവള് സംസാരിക്കുന്നത് കണ്ടിട്ടില്ല. വീട്ടിലെ നിയന്ത്രണങ്ങള് കാരണം ഒതുങ്ങിനില്ക്കുന്ന സ്വഭാവം. എന്ത് ചെയ്താലും അതെല്ലാം വീട്ടിലറിയിക്കണം. ഞങ്ങള് വീഡിയോ കോള് ചെയ്താല് അപ്പുറത്തുള്ളത് ഞാനാണെന്ന് ഉറപ്പുവരുത്തണമായിരുന്നു. അമ്പത് മീറ്റര് മാത്രം അകലെയുള്ള ടെന്നിസ് അക്കാദമിയില് നിന്ന് ഒന്ന് വൈകിയാല് പോലും പ്രശ്നം. വീഡിയോകളും ഫോട്ടോകളും എടുക്കാന് ഇഷ്ടമാണെങ്കിലും അതെല്ലാം അവള് പതിയെ നിര്ത്തി. അവള് സ്വതന്ത്രയാവുന്നത് അവര്ക്ക് ഇഷ്ടമല്ലായിരുന്നു…' ഹിമാന്ഷി വീഡിയോയില് തുറന്ന് പറഞ്ഞു.
രാധികയുടെ മരണം ലവ് ജിഹാദുമായി ബന്ധപ്പെട്ടാണെന്ന ആരോപണങ്ങള്ക്കും ഹിമാന്ഷി മറുപടി നല്കുന്നുണ്ട്. ആളുകള് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നുണ്ട്, അതിന് എന്തെങ്കിലും തെളിവുണ്ടോയെന്നാണ് ഹിമാന്ഷി ചോദിക്കുന്നത്. ഏതെങ്കിലും ഒരു സമുദായവുമായി ബന്ധപ്പെട്ടതോ ഇതരമത വിശ്വാസവുമായി ബന്ധപ്പെട്ടതോ ആയ ഒരു കാര്യവും അന്വേഷണ പരിധിയില് വരുന്നില്ലെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ജൂലെെ 10 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭക്ഷണമുണ്ടാക്കി കൊണ്ട് നിന്ന സമയം, പിറകിലൂടെ എത്തിയാണ് ദീപക് സ്വന്തം മകള്ക്ക് നേരെ അഞ്ച് തവണ നിറയൊഴിച്ചത്. ഇതില് നാലുവെടിയുണ്ടകളും രാധികയുടെ ശരീരത്തില് കൊണ്ടു. മൂന്നെണ്ണം ശരീരത്തിന് പിറകിലും ഒരെണ്ണം തോളിലുമാണ് കൊണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാധികയുടെ അവസാന കര്മങ്ങള് കുടുംബത്തിന്റെ സ്വന്തം ഗ്രാമമായ വസീരാബാദില് വെള്ളിയാഴ്ച നടന്നു.
പ്രതി ദീപക് ഇപ്പോള് റിമാന്ഡിലാണ്. മകളെ കൊലപ്പെടുത്തിയത് സമ്മതിച്ച ദീപക്കിന് തന്റെ ചെയ്തിയില് വിഷമമുണ്ടെന്നാണ് അയാളുടെ സഹോദരന് പ്രതികരിച്ചത്. അവനെ തൂക്കിക്കൊല്ലണമെന്നാണ് അവന് ആവശ്യപ്പെട്ടത്. അവന് തെറ്റ് മനസിലായി. കുടുംബം മുഴുവന് ഞെട്ടലിലാണ് എന്നാണ് ദീപകിന്റെ സഹോദരന് പറയുന്നത്.
Content Highlights: Murdered Tennis player Radhika's best friend revealed some truth