പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഒരു പ്രവാസിയുടെ ആശങ്കകൾ

ഇസ്രായേൽ ആർക്കും തകർക്കാനാവാത്ത അജയ്യ ശക്തിയാണെന്ന മിഥ്യ ഈ യുദ്ധത്തോടെ തകർക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലോകത്തെ ഏറ്റവും മികച്ചതാണെന്നും ഇപ്പോൾ ലോകത്തിന് അഭിപ്രായമില്ല.

1 min read|02 Jul 2025, 08:07 pm

ഇറാൻ ഇസ്രായേൽ യുദ്ധാനന്തരവും ലോകം ഉറ്റുനോക്കുന്നത് എന്താണ് അകത്ത് പുകഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ്. യുദ്ധാനന്തരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരണമുണ്ടാകില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതും ഇരുപക്ഷത്തും തുടരുന്ന പ്രകോപനപരമായ വെല്ലുവിളികളും ആശങ്കയുണ്ടാക്കുന്നുണ്ട്. കനത്ത നാശം വിതച്ചുകൊണ്ടേ ഏതൊരു യുദ്ധത്തിനും പര്യവസാനമുണ്ടാകൂ. ഇറാൻ ഇസ്രായേൽ യുദ്ധത്തിലും അക്കാര്യത്തിൽ മാറ്റമില്ല. ടെൽ അവീവും ഹൈഫയും അടക്കമുള്ള ഇസ്‌റായേൽ നഗരങ്ങൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇസ്‌റായേലിന്റെ വ്യോമാക്രമണത്തിൽ ഇറാനും നഷ്ടങ്ങളുണ്ടായി. നിരവധി പേർ മരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ട് യുദ്ധം തുടങ്ങിവച്ചത് ഇസ്രായേലാണ്. എന്നാൽ, ഇറാന്റെ തിരിച്ചടി ഇസ്രായേലിനും സഖ്യകക്ഷിയായ അമേരിക്കയ്ക്കും കണക്കുകൂട്ടാൻ കഴിയുന്നതിനപ്പുറമായിരുന്നു. ഇസ്രായേലിലെ ജനജീവിതം ബങ്കറിലായി. ഇറാന്റെ മിസൈലാക്രമണത്തിൽ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി.

ഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നു. ഇസ്രായേൽ ആർക്കും തകർക്കാനാവാത്ത അജയ്യ ശക്തിയാണെന്ന മിഥ്യ ഈ യുദ്ധത്തോടെ തകർക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലോകത്തെ ഏറ്റവും മികച്ചതാണെന്നും ഇപ്പോൾ ലോകത്തിന് അഭിപ്രായമില്ല.

12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലിന്റെ എണ്ണ ശുദ്ധീകരണ ശാലയും പവർ സ്റ്റേഷനും ഗവേഷണ കേന്ദ്രവും ഉൾപ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ ഇറാൻ ആക്രമിച്ചു. ഇസ്രായേലും അമേരിക്കയും തെളിവില്ലാത്ത ആണവായുധാരോപണത്തിന്റെ പേരിൽ കടന്നാക്രമിച്ചപ്പോൾ ഇറാനോടൊപ്പം നിൽക്കാൻ പറയത്തക്ക രാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വൻ ശക്തികളെന്ന് പറയാവുന്ന റഷ്യയും ചൈനയും സ്വീകരിച്ച നിലപാടും ഇറാന് വലിയ സഹായകരമായി എന്നു പറയാനാകില്ല.

തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്ക് എത്താൻ സാധിക്കാത്തത് കൊണ്ടാണ് യുദ്ധത്തിൽ തോറ്റത് ഇസ്രായേൽ മാത്രമല്ല, അമേരിക്ക കൂടിയാണ് എന്നു പറയേണ്ടി വരുന്നത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ താൽപര്യപ്രകാരമുള്ള അമേരിക്കൻ വ്യോമാക്രമണം ഒരു ഗുണവും ചെയ്തില്ലെന്നും ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ വൈകിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ലീക്കായ പെന്റഗൺ റിപ്പോർട്ട്. ഇത് യുഎസ് ഭരണകൂടം പിന്നീട് നിഷേധിച്ചെങ്കിലും ഇറാന്റെ ആണവനിലയത്തിന് എന്തുതരം പരിക്കേൽപ്പിക്കാനായി എന്നതിനെ കുറിച്ചുള്ള കൃത്യമായ റിപ്പോർട്ട് ഇപ്പോഴും ലോകത്തിനു മുമ്പിലില്ല.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ഭീതിക്കപ്പുറം ഇസ്രായേലിന്റെ പശ്ചിമേഷ്യയിലെ അട്ടിമറി സ്വപ്നങ്ങളെയും ഈ യുദ്ധം തുറന്നുകാട്ടി. ഇറാനിൽ ഭരണമാറ്റം കൊണ്ടുവരുമെന്നും അവരുടെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഹുസൈൻ ഖമേനിയെ കൊലപ്പെടുത്തുമെന്നും പോലുള്ള ഇസ്രായേലിന്റെ ആഗ്രഹങ്ങളെ ഇറാൻ ജനത തള്ളുന്നതാണ് പിന്നീട് കണ്ടത്. ഇസ്ഫഹാനിലും ടെഹ്റാനിലും ഇറാന്റെ മറ്റു പല ഭാഗങ്ങളിലും നടക്കുന്ന കൂറ്റൻ റാലികളിൽ ജനങ്ങൾ ഭരണകൂടത്തിന് പിന്തുണയുമായി തെരുവിലിറങ്ങുന്നു. ഭിന്നിപ്പിച്ച് നേടാനുള്ള ശ്രമം അവരെ ഒന്നിപ്പിക്കുന്നതാക്കി മാറ്റി എന്നു വേണം കരുതാൻ.

ഇസ്രായേലിന്റെ യഥാർഥ ലക്ഷ്യം ഇറാന്റെ ആണവ പദ്ധതിയായിരുന്നില്ല. 30 വർഷത്തിലേറെയായി ആവർത്തിക്കപ്പെടുന്ന ഒരു നുണയാണ് ഇറാന്റെ ആണവപദ്ധതി. 1990കളുടെ തുടക്കം മുതൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓരോ വർഷവും, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇറാൻ ഒരു ആണവ ബോംബ് നിർമിക്കുമെന്ന് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. നെതന്യാഹു യുഎസിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

വ്യോമാക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും നിഴലിൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രം ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസ് ധാരണ പലപ്പോഴും ഇസ്രായേലിന്റെ ലെൻസിലൂടെയാണ് കാണപ്പെടുന്നത്. മറ്റൊരു കാര്യം ഇറാൻ ആണവരാഷ്ട്രമായി നിലകൊള്ളുന്നത് ചർച്ചകളിൽ ഇറാന്റെ അധികാരം ശക്തിപ്പെടുത്തും. അതിൽ അമേരിക്കയ്ക്കും ലോകത്തിനും ഭയക്കാനൊന്നുമില്ല. ആശങ്കപ്പെടേണ്ടത് രഹസ്യമായി ആണവായുധങ്ങൾ നിർമിച്ചുവച്ചിട്ടുള്ള ഇസ്രായേൽ മാത്രമാണ്. ഗാസയിലെ അവരുടെ വംശഹത്യയെയും അയൽരാജ്യങ്ങളെ അക്രമിച്ചുണ്ടാക്കുന്ന അതിർത്തി വികസന പദ്ധതിയെയും അത് അവസാനിപ്പിക്കും.

മേഖലയിലെ സംഘർഷം ലഘൂകരിക്കാനും പരാമവധി ഒഴിവാക്കാനും തന്നെ ജിസിസി രാഷ്ട്രങ്ങൾ സ്വീകരിച്ച നയനിലപാടുകളും പക്വതയും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ലക്ഷക്കണക്കായ മലയാളി പ്രവാസി സമൂഹത്തിന് അന്നം തരുന്ന അറബ് നാടിന്റെ ഉജ്ജ്വലരായ ഭരണാധികാരികൾ ലോക സാമ്പത്തിക വ്യവസ്ഥകളെ തന്നെ പ്രതിസന്ധിയിലാക്കുന്ന യുദ്ധമുഖങ്ങളിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രവാസ ലോകത്തും ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ളവർക്കും അഭിമാനകരമായി തോന്നാറുണ്ട്.Content Highlights: Concerns about the conflicts in the Middle East

To advertise here,contact us