'നമ്മള് ചരിത്രം സൃഷ്ടിച്ചു' എന്നാണ് അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിന് ശേഷം അബെര്‍ കവാസ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പലസ്തീന്- അമേരിക്കന്‍ വനിത ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് തെരഞ്ഞെടുപ്പ് വിജയിക്കുന്നത് വാഴ്ത്തപ്പെടേണ്ട ചരിത്രമല്ലാതെ മറ്റെന്താണ്. നവംബര്‍ മൂന്നിന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹാന്‍-ഖോണ് ടോയെ പരാജയപ്പെടുത്തിയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ അബെര്‍ കവാസ് ന്യൂയോര്‍ക്ക് സേറ്റേറ്റ് ലെജിസ്ലേച്ചറിലേക്ക് ചുവട് വെച്ചത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്സിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം കവാസിന് 70 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. ക്വീന്‍സ് കേന്ദ്രീകരിച്ചുള്ള 12-ാം സെനറ്റ് ഡിസ്ട്രിക്ടിലാണ് മത്സരം നടന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതിയ പ്രതിനിധിത്യം ആയി കടന്നു വന്ന കവാസ് തീവ്ര വലതുപക്ഷത്തെ ആകെ വെട്ടിലക്കാന് പോന്ന രാഷ്ട്രീ ചോദ്യങ്ങളെയാണ് മുന്നിലേക്ക് വെച്ചിരുന്നത്.
ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്ലിനിലാണ് കവാസ് ജനിച്ച് വളര്‍ന്നതെങ്കിലും മാതാപിതാക്കള്‍ പലസ്തീന് വംശജരാണ്. കുടിയേറ്റക്കാരായ ദമ്പതികളുടെ മകള്‍ക്ക് ജീവിതം തന്നെ രാഷ്ട്രീയ ഉടലെടുപ്പിന് മാര്‍ഗം തെളിച്ചിരുന്നു. കവാസ് ഏഴാം ക്ലസില്‍ പഠിക്കുമ്പോഴാണ് ജോര്‍ദാന്‍ പൗരനായ അവരുടെ പിതാവ് അബ്ദുല്‍ കരീം കവാസിനെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) കസ്റ്റഡിയിലെടുക്കുന്നത്. 1998-ല്‍ യുഎസില്‍ എത്തിയ അദ്ദേഹം, തനിക്ക് അനുവദിച്ച വിസിറ്റര്‍ വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും, പിന്നീട് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെട്ടു എന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. കൗമാരപ്രായത്തില്‍, തന്റെ പിതാവിനെ കാണാനായി ഓരോ വാരാന്ത്യത്തിലും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കവാസിന് പോകേണ്ടി വന്നിരുന്നു. കുട്ടിക്കാലം പഠിപ്പിച്ച പാഠമാണ് പിന്നീട് സമഗ്രമായ കുടിയേറ്റ പരിഷ്കരണത്തിനായുള്ള 'ഡ്രീം ആക്റ്റ്' (DREAM Act)-നെ പിന്തുണയ്ക്കുന്നതിനായി സംഘടിക്കാന്‍ അബെര്‍ കവാസിന് പ്രചോദനമായത്.
അന്തസിനായി ഫണ്ട് നല്‍കുക, തകര്‍ച്ചയ്ക്കെതിരെ പോരാടുക(fund dignity, fight distruction) എന്നതായിരുന്നു കവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം. വംശഹത്യയാല്‍ ഭസ്മീകരിക്കപ്പെട്ട ഒരു രാജ്യത്തെ കൂടി പ്രതിനിധീകരിക്കാന്‍ പോന്ന രാഷ്ട്രീയ ദൃഢതയാണ് കവാസ് മുറുകെ പിടിച്ചിരുന്നത്. ബെഞ്ചമിന്‍ നെത്ന്യാഹുവിനെ നിരുപാധികം പിന്തുണച്ച് പലസ്തീന് ജനതയുടെ ചോര പുരണ്ട കൈകളുമായി നിലകൊണ്ട ട്രംപിനെതിരായ വെല്ലുവിളി കൂടിയായിരുന്നു അമേരിക്കയിലെ ഏറ്റവും വലിയ നഗരഹൃദയിത്തില് നിന്നും കവാസ് മുഴക്കിയത്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടിയേറ്റ സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ കവാസ് തന്റെ മുദ്രാവാക്യങ്ങളെ പരുവപ്പെടുത്തി. ഡെമോക്രാറ്റിക് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച കവാസിന് ട്രംപിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്ന സൊഹ്റാന് മംദാനി വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. ഭവനനയം, കുടിയേറ്റാവകാശങ്ങള്, സാമൂഹിക നീതി, ജീവിത ചെലവ് കുറയ്ക്കല്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, പലസ്തീന് വിഷയങ്ങളിലെ നിലപാട് എന്നിവ തന്റെ രാഷ്ട്രീയ പ്രചാരണത്തില്‍ കവാസ് പ്രധാന ചര്‍ച്ചാവിഷയങ്ങളാക്കി. അക്ഷരാര്‍ത്ഥത്തില്‍ ട്രംപിന്റെ നിലപാടുകളെ ആകെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രചാരണമായിരുന്നു അബെര്‍ കവാസ് നടത്തിയിരുന്നത്. കുടിയേറ്റ നയങ്ങളും ഭവനപ്രതിസന്ധിയും ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായി തുടരുന്ന ന്യൂയോര്‍ക്കില്‍ കാവാസിന്റെ സെനറ്റ് പ്രവേശനം ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയില്‍ പലസ്തീന്-അമേരിക്കന്‍, മുസ്ലിം സമൂഹങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അബെര്‍ കാവാസിന്റെ വിജയം ശ്രദ്ധേയമാകുന്നത്. 'അറബ് അമേരിക്കന്‍ അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക്' എന്ന സംഘടനയില്‍ 15 വര്‍ഷത്തോളം സംഘാടകയായി പ്രവര്‍ത്തിച്ചിരുന്ന കവാസിന് പ്രദേശത്തെ വിവിധ കുടിയേറ്റ സമൂഹങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയാണ് നേടാനയത്. നിരീക്ഷണങ്ങള്‍ക്കെതിരെയും (surveillance) ആളുകളെ നാടുകടത്തുന്ന നടപടികള്‍ക്കെതിരെയും (deportations) അവര്‍ നടത്തിയ പോരാട്ടങ്ങള്‍, ജാക്സണ് ഹൈറ്റ്സിലും വുഡ്സൈഡിലുമുള്ള ഹിസ്പാനിക്, ഏഷ്യന്‍ വംശജരായ വലിയൊരു വിഭാഗം കുടിയേറ്റക്കാരുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചു. കുടിയേറ്റ നയങ്ങളെയും പൗരാവകാശങ്ങളെയും സംബന്ധിച്ച് ആശങ്കകളെ ഉള്‍ക്കൊണ്ടായിരുന്നു കബാസിന്റെ പ്രചാരണങ്ങള്‍.
ജില്ലയിലെ 70 ശതമാനം ആളുകളും വാടക വീടുകളില്‍ തമസിക്കുന്നവരായതിനാല് വെസ്റ്റേണ്‍ ക്വീന്‍സിലെ ഏറ്റവും വലിയ പ്രശ്നം ഭവനച്ചെലവാണ്. വാടകക്കാരുടെ സംരക്ഷണം, താങ്ങാനാവുന്ന ഭവനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കല്‍, നഗരപ്രദേശങ്ങളില്‍ സമ്പന്നര്‍ കടന്നുവരുന്നതിലൂടെ (gentrification) ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടല്‍ എന്നിവയില്‍ ഊന്നിയുള്ള നയങ്ങളും കാവാസ് മുന്നോട്ട് വെച്ചിരുന്നു. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന വുഡ്സൈഡ്, സണ്ണിസൈഡ്, അസ്റ്റോറിയ എന്നിവിടങ്ങളിലെ സാധാരണക്കാരായ കുടുംബങ്ങളില്‍ ഈ നിലപാടുകള്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദൈനംദിന ദീര്‍ഘദൂര യാത്രകള്‍ക്കായി ഭൂരിഭാഗം താമസക്കാരും ന്യൂയോര്‍ക്ക് സിറ്റി സബ്വേ, ബസ് സംവിധാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍, സൗജന്യ പൊതുഗതാഗതവും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപവും നടപ്പാക്കുമെന്ന അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും പ്രദേശത്തെ തൊഴിലാളിവര്‍ഗത്തെ ഒന്നിപ്പിക്കുന്ന ഫലപ്രദവും പ്രായോഗികവുമായ ഒരു സാമ്പത്തിക നയമായി അംഗീകരിക്കപ്പെട്ടു.
അബെര്‍ കവാസിന്റെ വിജയം കാലങ്ങളായി അമേരിക്കയിലെ തീവ്ര വലതുപക്ഷം എടുത്ത് പ്രയോഗിച്ച വിദ്വേഷ ചാപ്പകളെ കൂടി തകര്‍ത്തു കളയുന്നതായിരുന്നു. 9/11 ആക്രമണത്തിന് ശേഷം ലോകത്തെ മുസ്ലീം ജന വിഭാഗങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള വലതുപക്ഷ പ്രചാരണങ്ങളെ തുറന്നെതിര്‍ക്കാന്‍ അബര് കവാസ് എന്നും ശബ്ദമുയര്‍ത്തി. 'Muslim Mamdani-backed socialist primary winner suggested America deserved 9/11 in unearthed video' (മുസ്ലിം മംദാനിയുടെ പിന്തുണയുള്ള സോഷ്യലിസ്റ്റ് പ്രൈമറി വിജയി, 9/11 ആക്രമണം അമേരിക്ക അര്‍ഹിച്ചതാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ കണ്ടെത്തി) എന്നായിരുന്നു തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഫോക്സ് ന്യൂസിന്റെ തലവാചകം. എന്നാല്‍ 9/11 ആക്രമണത്തില്‍ മുസ്ലീങ്ങള്‍ മുഴുവന്‍ മാപ്പ് പറയണമെന്ന അമേരിക്കന്‍ നിലപാടിനെ തുറന്ന് എതിര്‍ത്ത അബെര്‍ കവാസിന്റെ പരാമര്‍ശങ്ങളെ വളച്ചൊടിച്ചായിരുന്നു വലത് മാധ്യമങ്ങളും റിപ്പബ്ലിക്കന്‍സും ഇത്തരം പ്രചാരണങ്ങളെ ആഘോഷിച്ചത്.
സൊഹ്റാന് മംദാനിക്കും അബ്ദുള്‍ അല്‍ സയീദിനും നേരിടേണ്ടി വന്ന ജിഹാദിസ്റ്റ് ചാപ്പ ഒട്ടും കുറയാതെ തന്നെ ട്രംപിന്റ അനുയായികള്‍ കാവസിന് മേലും എഴുതി ചേര്‍ത്തിരുന്നു. അമേരിക്കന്‍ ദേശീയതയ്ക്ക് വിരുദ്ധമാണ് അബെര്‍ കവാസിന്റെ നിലപാടുകള്‍ എന്ന വലത് നേതാക്കളുടെ സ്ഥിരം പല്ലവിയും ന്യൂയോര്‍ക്ക് നഗരത്തിന്റെ കാതുകളില്‍ എത്തി. 2016ല്‍ നടന്ന ഒരു പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കവാസ് ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ആംബാന്‍ഡില്‍ (കൈപ്പട്ട) ഹമാസുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പ്രചാരണം നടത്തി. എന്നാല്‍ പലസ്തീനെതിരായ ഇസ്രായേല്‍ വംശഹത്യയ്ക്ക് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള 'നോട്ട് ഓണ്‍ അവര്‍ ഡൈം' (Not On Our Dime) എന്ന മംദാനിയുടേയും കവാസിന്റേയും പ്രചാരണ പരിപാടികള്‍ വലത് കേന്ദ്രങ്ങളില്‍ തീയിട്ടു. തീവ്ര വലതുപക്ഷത്തിന്റെ രാഷ്ട്രീയമായി തകര്‍ക്കുന്നതോടൊപ്പം നുണഫാക്ടറികളില്‍ നിന്നും ഉദ്പാദിപ്പിക്കപ്പെ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടേയും പൊതുബോധ നിര്‍മിതികളേയും തകര്‍ക്കാന്‍ അബര് കവാസ് എന്ന സമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് സാധിക്കുന്നുണ്ട്.
സംസ്ഥാനം ഫെഡറല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്റുമായി സഹകരിക്കുന്നത് നിരോധിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂയോര്‍ക്ക് ഫോര്‍ ഓള് ആക്ട് പാസാക്കുന്നതിനാണ് കവാസ് മുന്‍ഗണന നല്‍കുന്നത്. കുടിയേറ്റക്കാരുടെ തടങ്കലുകളും കുടുംബത്തില്‍ നിന്നുള്ള വേര്‍പിരിയലുകളും കുറയ്ക്കുന്നതിനുള്ള ഒരു ഉപാധിയായാണ് അബെര്‍ കവാസ് ഈ നിയമം വിഭാവനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ സാര്‍വത്രിക ആരോഗ്യപരിരക്ഷ, താങ്ങാനാവുന്ന ഭവന പദ്ധതികള്‍, സൗജന്യ പൊതുഗതാഗതം, ജീവിതച്ചെലവ് പ്രകടമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ എന്നിവയും അവരുടെ അജണ്ടയായി മുന്‍ഗണനയിലുണ്ട്. ന്യൂയോര്‍ക്കില്‍ 9/11ന് ശേഷം മുസ്ലീം, കുടിയേറ്റ സമൂഹങ്ങളെ ആനുപാതികമല്ലാത്ത വിധത്തില്‍ ബാധിച്ചിട്ടുള്ള ആഭ്യന്തര നിരീക്ഷണ രീതികളെയും, പൊലീസിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന ചട്ടക്കൂടുകളെയും ചോദ്യം ചെയ്യാനും അവര്‍ പദ്ധതിയിടും എന്നാണ് വിവരം. മിതവാദികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് ഡെമോക്രാറ്റുകള്‍ക്കും മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതാകും കവാസിന്റെ നിലപാടുകള്‍. വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ, യുദ്ധവിരുദ്ധ വേദിക്ക് രൂപം നല്‍കുന്നതോടൊപ്പം സംഘടിത പുരോഗമന അടിത്തറയുമായി പോരാടാന്‍ വിശാലമായ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അവരുടെ സാന്നിധ്യം പ്രേരിപ്പിക്കുന്നു. കബാസിന്റെ വിജയം പലസ്തീനിയന്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള വാദങ്ങള്‍ക്ക് ഒരു ഔദ്യോഗിക വേദിയും ഒരുക്കുന്നുണ്ട്. പുരോഗമനപരവും സയണിസ്റ്റ് വിരുദ്ധവുമായ വിദേശനയ നിലപാടുകളും അമേരിക്കയില്‍ അംഗീകരിക്കപ്പെടുമെന്ന മുന്നറിയിപ്പും അബര് കവാസ് അടക്കമുള്ളവരുടെ വിജയം വിളിച്ചുപറയുന്നുണ്ട്.
വിദ്വേഷ പ്രചാരണങ്ങള്‍ക്കും കപട ദേശീയ വാദത്തിനും മുകളില്‍ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ പ്രാധാന്യത്തോടെ തുറത്ത് കാട്ടിയതാണ് അബെര്‍ കവാസ് എന്ന പാലസ്തീന് വംശജയുടെ വിജയത്തിന് വഴി തെളിച്ചത്. 'അമേരിക്ക ഗ്രേറ്റ് എഗയിന്‍' എന്ന ട്രംപിന്റെ ക്യാമ്പയിന് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്ന് തുറന്ന് കാട്ടിയതുകൂടിയായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പിലെ ഫലം. അദിവാസി ഗോത്ര സമുദായങ്ങളില്‍ നിന്നും കറുത്ത വംശജരില്‍ നിന്നും മത ന്യൂനപക്ഷങ്ങളില്‍ നിന്നും സ്വവര്‍ഗാനുരാഗികളില്‍ നിന്നും അടക്കം പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന ഒരു ഭരണ സംവിധാനമാണ് തെരഞ്ഞെടുപ്പിന് പിന്നാല കടന്നു വന്നിരിക്കുന്നത്. അമേരിക്കയുടെ പരിശ്ചേതമായി വാഴ്ത്തപ്പെടുമ്പോഴും പരമ്പരാഗത അമേരിക്കന്‍ നിലപാടുകളെ പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയത്തെ ബലികൊടുക്കലായി അത് വിലയിരുത്തപ്പെടും. ആഭ്യന്തര പ്രശ്നങ്ങളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന നിലപാട് സ്വീകരിക്കുന്നതോടൊപ്പം ലോക രാഷ്ട്രീയത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്ന വംശീയ വിരുദ്ധവും യുദ്ധ വിരുദ്ധവുമായി നിലപാടിലേക്ക് അമേരിക്കയെ നയിക്കാമുള്ള വഴിവെട്ടുക എന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ പുതിയ ഭരണ സംവിധാനത്തിന് ആകുമോ എന്നതാണ് ചോദ്യം.
Content Highlights: Democratic Party candidate Aber Kawas has made history by becoming the first Palestinian-American woman elected to the New York State Senate, according to the report. She defeated Republican candidate Han-Khon To in the November 3 election in the 12th Senate District, which covers parts of Queens. Preliminary figures from the New York State Board of Elections showed Kawas securing more than 70 per cent of the votes. Her victory marks a new milestone in Palestinian-American representation in US politics.