യുഎഇയിലെ സ്കൂളുകൾക്ക് ഡിസംബർ 14 മുതൽ വിൻ്റർ അവധി; ജനുവരി നാലിന് ക്ലാസുകൾ പുനരാരംഭിക്കും

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടുന്ന അവധിക്കാലത്ത് കുടുംബങ്ങൾക്ക് യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാനും സാധിക്കും

UAE SCHOOL BREAK

യുഎഇയിലെ സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്ക് 2026ലെ വിൻ്റർ അവധി ഡിസംബർ 14ന് ആരംഭിക്കും. മൂന്ന് ആഴ്ച നീളുന്ന അവധിക്ക് ശേഷം 2027 ജനുവരി നാലിന് ക്ലാസുകൾ പുനരാരംഭിക്കും. ഡിസംബർ 11 വെള്ളിയാഴ്ചയായിരിക്കും ആദ്യ ടേമിലെ അവസാന പ്രവൃത്തിദിനം. അതുകൊണ്ടുതന്നെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടുന്ന അവധിക്കാലത്ത് കുടുംബങ്ങൾക്ക് യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാനും സാധിക്കും.

ഡിസംബർ 14 തിങ്കളാഴ്ച ആരംഭിക്കുന്ന അവധി 2027 ജനുവരി മൂന്ന് ഞായറാഴ്ച വരെ നീളും. ജനുവരി നാല് തിങ്കളാഴ്ചയാണ് രണ്ടാം ടേം ആരംഭിക്കുന്നത്. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂളുകൾക്കും ദുബായിലും ഷാർജയിലും സെപ്റ്റംബർ അധ്യയന കലണ്ടർ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്കും ഈ തീയതികൾ ബാധകമാണ്. ദുബായിലെ സ്വകാര്യ സ്കൂളുകളുടെ അക്കാദമിക് കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (KHDA) ഷാർജയിലെ സ്വകാര്യ സ്കൂളുകളുടേത് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമാണ് (SPEA) നിയന്ത്രിക്കുന്നത്. ഈ സ്കൂളുകളിലെ വിദ്യാർഥികൾക്കും ഡിസംബർ 14 മുതൽ ജനുവരി മൂന്ന് വരെയാണ് ശൈത്യകാല അവധി. ജനുവരി നാലിന് ക്ലാസുകൾ പുനരാരംഭിക്കും.

എന്നാൽ യുഎഇയിലെ എല്ലാ സ്കൂളുകൾക്കും ഒരേ അവധിക്കാലക്രമമല്ല. ചില സ്വകാര്യ സ്കൂളുകൾ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള അധ്യയന കലണ്ടറാണ് പിന്തുടരുന്നത്. അതിനാൽ അവയുടെ ടേം തീയതികളിലും അവധിക്കാലത്തിലും വ്യത്യാസമുണ്ടാകാം. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്രകളും കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുന്നതിനും മുമ്പ് അതത് സ്കൂളിന്റെ ഔദ്യോഗിക അക്കാദമിക് കലണ്ടർ പരിശോധിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശമുണ്ട്.

Content Highlights: UAE schools following the September academic calendar will begin their three-week winter break on December 14, with classes resuming on January 4, 2027.

To advertise here,contact us