ആഡംബര പെട്രോളിങ് വാഹനനിരയിലേക്ക് കരുത്തുറ്റ ലാൻഡ് റോവർ ഡിഫെൻഡർ കൂടി ഉൾപ്പെടുത്തി ദുബായ് പൊലീസ്. 525 ഹോഴ്സ് പവറുള്ള പുതിയ വാഹനം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടി 2026ൽ (World Police Summit 2026) അവതരിപ്പിച്ചു. യുഎഇയിലെ ലാൻഡ് റോവറിന്റെ ഔദ്യോഗിക വിതരണക്കാരായ അൽ തായർ മോട്ടോഴ്സാണ് വാഹനം കൈമാറിയത്. 5.0 ലിറ്റർ വി8 (V8) എൻജിനുള്ള ഡിഫെൻഡറിന് വെറും 5.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്ററാണ്.
ദുബായ് പൊലീസിലെ സാമ്പത്തിക, ഭരണകാര്യ വിഭാഗം ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അഹമ്മദ് സാൽ ബിൻ ക്രിഷാൻ അൽ മുഹൈരിയുടെ സാന്നിധ്യത്തിലായിരുന്നു വാഹനത്തിന്റെ അനാവരണം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അൽ തായർ മോട്ടോഴ്സ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വിവിധ റോഡുകളിലും ദുഷ്കരമായ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുന്ന നൂതന സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. ഇന്ററാക്ടീവ് ഡ്രൈവർ ഡിസ്പ്ലേ, 3ഡി സറൗണ്ട് ക്യാമറ, റിമോട്ട് കൺട്രോൾ സംവിധാനം, മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.
ഓഫ്റോഡ് യാത്രയ്ക്കായി ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ, കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്പോൺസ് സംവിധാനം, വെള്ളത്തിന്റെ ആഴം തിരിച്ചറിയാനുള്ള സെൻസർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 625 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്ന എൻജിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 90 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഏകദേശം 2,585 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ദുബായ് പൊലീസും അൽ തായർ മോട്ടോഴ്സും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ വാഹനം പെട്രോളിങ് നിരയിൽ ഉൾപ്പെടുത്തിയതെന്ന് മേജർ ജനറൽ അൽ മുഹൈരി പറഞ്ഞു. ആധുനിക വാഹനങ്ങളും സ്മാർട്ട് സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് പൊലീസിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും എമിറേറ്റിലുടനീളമുള്ള സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Dubai Police have added a 525-horsepower Land Rover Defender to their luxury patrol fleet, unveiled at the World Police Summit 2026.