ഹൃദയസ്തംഭനത്തിനുള്ള സാധ്യത മുൻകൂട്ടി അറിയാം; വയർലെസ് ഹാർട്ട് മോണിറ്റർ ആദ്യമായി അവതരിപ്പിച്ച് UAEയിലെ ആശുപത്രി

ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന ശ്വാസകോശ ധമനിയില്‍ സ്ഥാപിക്കുന്ന ചെറിയ വയര്‍ലെസ് സെന്‍സറാണ് ഈ ഉപകരണം

ഹൃദയസ്തംഭനം മൂലം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമ്പോള്‍ അതിന് ഒരു പരിഹാരമെന്നോണം നൂതന വയര്‍ലെസ് ഹൃദയ നിരീക്ഷണ ഉപകരണം ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് യുഎഇയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക് അബുദാബി എന്ന ആശുപത്രി. ദീര്‍ഘനാളായി ഹൃദയസ്തംഭനം അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന രണ്ട് രോഗികളില്‍ വയര്‍ലെസ് ഹൃദയ നിരീക്ഷണ ഉപകരണം വിജയകരമായി ഘടിപ്പിച്ചു. രോഗികളുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കാനും സമയബന്ധിതമായി ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കുന്നതാണ് ഈ ഉപകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം കാരണം ഒരിക്കലെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളെയാണ് ഇതിനായി പരിഗണിച്ചത്. മിതമായതോ കഠിനമായതോ ആയ ഹൃദയസ്തംഭനം ഉള്ളവര്‍ക്കാണ് പ്രധാനമായും ഈ ഉപകരണം ഘടിപ്പിക്കുക.

ആദ്യമായി ഈ ഉപകരണം സ്വീകരിച്ചത് 62 ഉം 79 ഉം വയസ്സുള്ള രണ്ട് യുഎഇ പൗരന്മാരാണ്. ഹൃദയസ്തംഭനം വഷളായതിനെ തുടര്‍ന്ന് നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയവരായിരുന്നു ഇരുവരും. യുഎഇയിലെ ഹൃദയസ്തംഭന രോഗികള്‍ക്ക് കൂടുതല്‍ വ്യക്തിഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വയര്‍ലെസ് ഹാര്‍ട്ട് മോണിറ്റര്‍ സംവിധാനം അവതരിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന ശ്വാസകോശ ധമനിയില്‍ സ്ഥാപിക്കുന്ന ചെറിയ വയര്‍ലെസ് സെന്‍സറാണ് ഈ ഉപകരണം. ധമനിയിലെ രക്തസമ്മര്‍ദ്ദം തുടര്‍ച്ചയായി നിരീക്ഷിക്കുന്ന സെന്‍സര്‍, ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൈമാറും. ഇതിലൂടെ ഹൃദയസ്തംഭനം വഷളാകുന്നതിന്റെ പ്രാരംഭ സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനും. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് മരുന്നുകളിലും ചികിത്സാ രീതികളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ആരോഗ്യം മോശമാകുന്നതുവരെ കാത്തിരിക്കാതെ രോഗികളെ മുന്‍കൂട്ടി നിരീക്ഷിച്ച് നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ക്ലീവ്‌ലാന്‍ഡ് ക്ലിനിക് അബുദാബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജോര്‍ജസ് പാസ്‌കല്‍ ഹേബര്‍ പറഞ്ഞു.

Content Highlight: Cleveland Clinic Abu Dhabi has implanted the UAE’s first wireless heart monitor to help detect early signs of worsening heart failure in patients

To advertise here,contact us