പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രസ്താവനയുമായി സുപ്രീം കോടതി. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. കരാറുകൾ റദ്ദാക്കപ്പെട്ട മുൻ സേവനദാതാക്കളെ താൽക്കാലികമായി വീണ്ടും ചുമതലയേൽപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതോടെ യുഎഇയിലെ ഇന്ത്യൻ എംബസിക്കും ദുബായിലെ കോൺസുലേറ്റിനും തങ്ങളുടെ താൽപ്പര്യപ്രകാരം 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി'നോട് കോൺസുലർ സേവനങ്ങൾ താൽക്കാലികമായി പുനരാരംഭിക്കാൻ ആവശ്യപ്പെടാം. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കും ഈ താൽക്കാലിക ക്രമീകരണം നിലവിലുണ്ടാവുക. മൂന്നു മാസത്തിനുള്ളിൽ റീ ടെൻഡർ നടപടികൾ പൂർത്തിയാക്കണം. അന്തിമ സംവിധാനം ഉണ്ടാകുന്നതുവരെ പാസ്പോർട്ട് - വിസാ സേവനങ്ങൾ തടസ്സപ്പെടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
വിദേശങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങളുടെ ടെൻഡർ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനം. തിങ്കളാഴ്ചയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി ശരിവെച്ചെങ്കിലും, വിദേശത്തുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ മുടങ്ങുന്നത് ഒഴിവാക്കാനായി സുപ്രീം കോടതി വിധിയിൽ ചില താൽക്കാലിക മാറ്റങ്ങൾ വരുത്തുകയായിരുന്നു. സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഇടക്കാല സംവിധാനം ഒരുക്കാൻ കോടതി അനുമതി നൽകി.
ഇതനുസരിച്ച് മുൻപ് കരാർ ലഭിച്ചിരുന്ന ഏജൻസികളുടെ (യുഎഇയിൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്) പ്രവർത്തനം തൃപ്തികരമായിരുന്നുവെങ്കിൽ അവരെത്തന്നെ താൽക്കാലികമായി ചുമതലപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കും. അല്ലെങ്കിൽ മന്ത്രാലയത്തിന് അനുയോജ്യമെന്ന് തോന്നുന്ന മറ്റ് ഏജൻസികളെയും ഈ ഇടക്കാലയളവിലേക്ക് നിയമിക്കാവുന്നതാണ്. എന്നാൽ ഈ ക്രമീകരണം തികച്ചും താൽക്കാലികം മാത്രമായിരിക്കുമെന്നും ഒരു കമ്പനിക്കും ഇതിന്റെ പേരിൽ പ്രത്യേക അവകാശവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: In a major relief for expatriates, the Supreme Court has allowed passport and visa-related services to continue without disruption. The order ensures that applicants can continue to access essential consular services while related legal proceedings continue.