UAEയിലേക്കും യുഎഇയിൽ നിന്നുമുള്ള ഫ്‌ളൈറ്റുകൾ റദ്ദായാൽ എന്ത് ചെയ്യും? യാത്രക്കാർ അറിയണം അവരുടെ അവകാശങ്ങൾ

പ്രവാസികളെയും സ്വദേശികളെയും രക്ഷിക്കുന്നതാണ് ഈ വര്‍ഷം ആരംഭത്തില്‍ നിലവില്‍ വന്ന ദുബായ് ഏവിയേഷന്‍ കണ്‍സ്യൂമര്‍ സുരക്ഷാ നിയമം

പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം യുഎഇയിലേക്കും യുഎഇയില്‍ നിന്നുമുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാകുന്നത് പ്രവാസികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതില്‍ നിന്നും പ്രവാസികളെയും സ്വദേശികളെയും രക്ഷിക്കുന്നതാണ് ഈ വര്‍ഷം ആരംഭത്തില്‍ നിലവില്‍ വന്ന ദുബായ് ഏവിയേഷന്‍ കണ്‍സ്യൂമര്‍ സുരക്ഷാ നിയമം. ഫ്‌ളൈറ്റ് ക്യാന്‍സലാകുമ്പോള്‍ യാത്രക്കാര്‍ക്കുള്ള അവകാശങ്ങളെ കുറിച്ചാണ് ഈ നിയമത്തില്‍ സൂചിപ്പിക്കുന്നത്.

ദുബായ് കേന്ദ്രീകൃതമായ ദേശീയ വിമാനക്കമ്പനികള്‍ക്കും അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇതിലെ വ്യവസ്ഥകള്‍ ബാധകമാണ്. കൂടാതെ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈനുകള്‍, ലൈസന്‍സുള്ള ട്രാവല്‍ ഏജന്റുകള്‍ എന്നിവയ്ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. ടിക്കറ്റുകള്‍ നല്‍കുന്നതിന് മുമ്പും ശേഷവും എയര്‍ലൈനുകള്‍ നല്‍കേണ്ട വിവരങ്ങള്‍, തടസങ്ങളുണ്ടായാല്‍ യാത്രക്കാര്‍ക്ക് എന്ത് സഹായം ലഭിക്കും, പരാതി ഉന്നയിക്കേണ്ട രീതികള്‍ തുടങ്ങിയവ ഈ നിയമത്തില്‍ പറയുന്നുണ്ട്.

ടിക്കറ്റ് നല്‍കുമ്പോള്‍ മുതല്‍ എയര്‍ലൈനുകള്‍ കൃത്യമായി പാലിക്കേണ്ട കാര്യങ്ങള്‍ നിയമത്തില്‍ പറയുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ നികുതികള്‍, ഫീസുകള്‍, സര്‍ചാര്‍ജുകള്‍ തുടങ്ങി എല്ലാ ചെലവും ചേര്‍ന്നുള്ള ആകെ തുക പറയണം, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോഴുള്ള പോളിസികള്‍, റീഫണ്ടിനുള്ള യോഗ്യത, ടിക്കറ്റ് മോഡിഫിക്കേഷന്‍ റൂളുകള്‍ തുടങ്ങിയവ ഏജന്‍സികള്‍ യാത്രക്കാരെ അറിയിക്കണം, ടിക്കറ്റ് നല്‍കുന്ന കമ്പനിയുടേതല്ലാത്ത കാരിയറാണ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നതെങ്കില്‍ അക്കാര്യം നിര്‍ബന്ധമായും അറിയിക്കണം, ഏതെങ്കിലും സ്റ്റോപ്പ് ഓവറുകളോ ട്രാന്‍സിറ്റ് പോയിന്റുകളോ കണക്ടിങ് വിമാനങ്ങളോ ഉണ്ടെങ്കില്‍ അതും കൃത്യമായി യാത്രക്കാരുമായി പങ്കുവെക്കണം, വിമാനക്കമ്പനികള്‍ ലഗേജ് പരിധികളും ലഗേജ് നിരക്കുകളും വ്യക്തമാക്കണം, യാത്രാനിരക്കിലെ മാറ്റം, റീഫണ്ട് എന്നിവയെ കുറിച്ചും കൃത്യമായി അറിയിക്കണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വിമാനം റദ്ദായാലും വൈകിയാലും കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കണം. എന്തുകൊണ്ടാണ് വിമാനം റദ്ദാക്കിയത്, ഇനി വിമാനം വൈകിയതാണെങ്കില്‍ എത്ര മണിക്കൂര്‍ വൈകും തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം. വിമാനം റദ്ദാകുകയാണെങ്കില്‍ അതേ എയര്‍ലൈനിന്റെ ലഭ്യമായ അടുത്ത വിമാനത്തില്‍ റീ ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കണം. സാധ്യമാകുകയാണെങ്കില്‍ അടുത്ത എയര്‍ലൈനിലും സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണം. ഇത് എയര്‍ലൈനുകളുടെ സീറ്റ് ലഭ്യതയും എയര്‍ലൈനുകള്‍ തമ്മിലുള്ള വാണിജ്യ കരാറും മുന്‍നിര്‍ത്തിയായിരിക്കും തീരുമാനിക്കുക. വിമാനം റദ്ദായാല്‍ മുഴുവന്‍ റീഫണ്ടും ലഭിക്കും.

വിമാനം വൈകുന്ന സാഹചര്യമാണെങ്കില്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യം തുടങ്ങിയ കമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ലഭ്യമാക്കണം. രാത്രി താമസിക്കുന്ന സാഹചര്യമാണെങ്കില്‍ ഹോട്ടല്‍ സംവിധാനവും ഒരുക്കണം. എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രാ സൗകര്യവും എയര്‍ലൈന്‍ നല്‍കണം. അധിക പിന്തുണ ആവശ്യമുള്ള യാത്രക്കാരെ മുന്‍ഗണന അനുസരിച്ച് എയര്‍ലൈനുകള്‍ പരിഗണിക്കണം. ഭിന്നശേഷിക്കാരായ ആളുകള്‍, പ്രത്യേക സഹായം ആവശ്യമുള്ളവര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കണം. ഇത്തരം യാത്രക്കാര്‍ കാരിയേജ് നിബന്ധനകളില്‍ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ എയര്‍ലൈനിനെ അറിയിക്കണം.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സ്വയം മറ്റൊരു വിമാനവും നോക്കാവുന്നതാണ്. എന്നാല്‍ മറ്റൊരു വിമാനം യാത്രക്കാര്‍ നോക്കുകയാണെങ്കില്‍ എല്ലാ രേഖകളും റസീപ്റ്റുകളും യാത്രക്കാര്‍ കയ്യില്‍ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വിമാനക്കമ്പനിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാതെ ഇരിക്കുന്നത് നന്നായിരിക്കും. വിമാനം റദ്ദായ വിവരം ഔദ്യോഗികമായി എയര്‍ലൈന്‍ അറിയിക്കുന്നതിന് മുമ്പ് യാത്രക്കാരന്‍ സ്വമേധയാ ടിക്കറ്റ് റദ്ദാക്കിയാല്‍ അതിനെ വൊളണ്ടറി ക്യാന്‍സലേഷനായി കണക്കാക്കും. ഇത് നഷ്ടപരിഹാരത്തിനുള്ള യാത്രക്കാരുടെ അവകാശത്തെ പ്രതികൂലമായി ബാധിക്കും.

സ്വയം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനിനെ ഉടനടി വിളിക്കുകയും ആശയവിനിമയത്തിന്റെ രേഖകള്‍ കയ്യില്‍ കരുതുകയും ചെയ്യണം. വിമാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉറപ്പ് വരുത്തണം. ഔദ്യോഗികമായ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുക. യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ വഴിയോ ലൈസന്‍സുള്ള ട്രാവല്‍ ഏജന്റ് വഴിയോ നേരിട്ട് അവരുടെ ആശങ്കകള്‍ അറിയിക്കാം. ഈ നിബന്ധനകളും നിര്‍ദ്ദേശങ്ങളുമാണ് പൊതുവേ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുമ്പോള്‍ പാലിക്കണം. എന്നാല്‍ എയര്‍ലൈനുകളെ അനുസരിച്ച് ചെറിയ ചില മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്.

Content Highlights: Flight cancellations can significantly disrupt travel plans. Passengers travelling to or from the UAE should understand their rights, including eligibility for refunds, alternative flights, accommodation, meals, and other assistance, depending on the airline's policies and applicable regulation

To advertise here,contact us