ഫിഫ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയിച്ച മൊറോക്കോയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ശക്തമായ പോരാട്ടമായിരുന്നു മൊറോക്കോയുടേതെന്ന് അദ്ദേഹം പറഞ്ഞു. മൊറോക്കയുടെ പ്രകടനം സന്തോഷിപ്പിച്ചെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇന്നത്തെ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതിന് അഭിനന്ദനം. ഞങ്ങളെ സന്തോഷിപ്പിക്കുകയും ഞങ്ങള്‍ക്ക് അഭിമാനമായതുമായ പ്രകടനമാണ് കാഴ്ചവെച്ചത്. മൊറോക്കയിലെ സഹോദര ജനതയ്ക്കും എന്റെ സഹോദരനായ മുഹമ്മദ് ആറാമന്‍ രാജാവിനും അഭിനന്ദനം. വരാനിരിക്കുന്ന മത്സരങ്ങളില്‍ അവര്‍ക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു', അദ്ദേഹം എക്സില്‍ കുറിച്ചു.
ഫിഫ ലോകകപ്പ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കാനഡയെ തകര്‍ത്താണ് മൊറോക്കോ വിജയിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. ഉനാഹിയുടെ ഇരട്ട ഗോളാണ് മൊറോക്കോയെ രക്ഷിച്ചത്. 50 , 82 മിനിറ്റുകളിലായിരുന്നു ഉനാഹിയുടെ ഗോള്‍. സുഫിയാനെ റഹീമി മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍.
കാനഡ കളിയുടെ തുടക്കത്തില്‍ മികച്ച കളി കാഴ്ച വച്ചെങ്കിലും വല കുലുക്കാനായില്ല. പിന്നീട് കളി പിടിച്ച മൊറോക്കോ വിജയിച്ചു കയറുകയായിരുന്നു. പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ ഇരു ടീമിലെയും നാല് താരങ്ങള്‍ വീതം യെല്ലോ കാര്‍ഡ് കണ്ടു. അതേസമയം ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ഈജിപ്തിനെയും കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചിരുന്നു. ഈജിപ്തിന്റെ വിജയം അറബ് ലോകത്തിനാകെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum congratulated Morocco after its victory in the first FIFA World Cup Round of 16 match