യുഎഇയിൽ വേനൽച്ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ, ഡെലിവറി റൈഡർമാർക്ക് വലിയ ആശ്വാസവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലുടനീളം അത്യാധുനിക സൗകര്യങ്ങളോടെയുള്ള 40 എയർ കണ്ടീഷൻഡ് വിശ്രമ കേന്ദ്രങ്ങളാണ് ആർടിഎ സജ്ജമാക്കിയിരിക്കുന്നത്. കടുത്ത വേനലിൽ റോഡുകളിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന റൈഡർമാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ വലിയ സംരംഭം.
വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസും കടന്ന് കുതിച്ചുയരുന്ന ദുബായിൽ, ഡെലിവറി റൈഡർമാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകിക്കൊണ്ടാണ് ആർടിഎയുടെ പുതിയ നീക്കം. ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, അൽ കറാമ തുടങ്ങി ദുബായിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ എസി വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. തണുത്ത കുടിവെള്ളത്തിനായുള്ള വാട്ടർ ഡിസ്പെൻസറുകൾ, മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ, ബൈക്കുകൾ പാർക്ക് ചെയ്യാനുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിവയും ഇവിടെയൊരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒരേസമയം 10 പേർക്ക് വരെ വിശ്രമിക്കാനാകും. നേരിട്ടുള്ള സൂര്യപ്രകാശം ഉള്ളിലേക്ക് അടിക്കാത്ത രീതിയിലും, ചൂട് പ്രതിരോധിക്കുന്ന താപ ഇൻസുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുമാണ് ഇതിന്റെ പുറം രൂപകൽപ്പന നിർമ്മിച്ചിരിക്കുന്നത്.
2023 നവംബറിൽ വെറും മൂന്ന് വിശ്രമ കേന്ദ്രങ്ങളുമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ 40 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഡെലിവറി മേഖലയ്ക്കായി കൃത്യമായ ഭരണ ചട്ടക്കൂട് വികസിപ്പിച്ചിട്ടുണ്ടെന്നും, ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റൈഡർമാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്നും ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാനവ വിഭവശേഷി മന്ത്രാലയവും പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് രാജ്യവ്യാപകമായി പതിനായിരത്തിലധികം വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. മുൻകാലങ്ങളിൽ മരത്തണലിലും പള്ളി വരാന്തകളിലും വിശ്രമിച്ചിരുന്ന റൈഡർമാർക്ക് ഈ സംവിധാനം വലിയ ആശ്വാസമാകും.
Content Highlights: In a move to support workers during the intense summer months, Dubai's Roads and Transport Authority (RTA) has set up 40 fully air-conditioned rest stations. The facilities are designed to provide relief from the heat and promote the well-being of outdoor workers across the emirate.