യുഎഇ നിവാസികൾക്ക് സുവർണാവസരം; ജിസിസി രാജ്യങ്ങളിൽ എവിടെയും ​ഗോൾഡൻ വിസ സ്വന്തമാക്കാം

അഞ്ച് മുതൽ 10 വർഷം വരെയാണ് ഗോൾഡൻ ​വിസയുടെ കാലാവധി

​ഗൾഫ് രാജ്യങ്ങളിൽ ദീർഘകാലം താമസിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ​സുവർണാവസരം. ജിസിസി രാജ്യങ്ങളിൽ എവിടെയും ദീർഘകാല താമസത്തിനുള്ള ​ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നിലവിൽ യുഎഇയിൽ താമസിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുന്നത്.

മറ്റു ​ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അതത് രാജ്യങ്ങളിലെ ​ഗോൾഡൻ വിസയാണ് ലഭിക്കുക. എന്നാൽ യുഎഇയിൽ താമസിക്കുന്നവർക്ക് ഏത് രാജ്യത്തെ ​ഗോൾഡൻ വിസ വേണമെങ്കിലും സ്വന്തമാക്കാം. വേറൊരു രാജ്യത്തിന്റെ ​ഗോൾഡൻ വിസ സ്വന്തമാക്കണമെങ്കിൽ താമസിക്കുന്ന രാജ്യത്തിന്റെ അനുമതി വേണം. ഇവിടെയാണ് യുഎഇയിൽ താമസിക്കുന്നവർക്ക് മറ്റേത് രാജ്യത്തിന്റെയും ​ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

​ഗോൾഡൻ വിസ സ്വന്തമാക്കുന്നവർക്ക് പ്രാദേശികമായ ഒരു സ്പോൺസർ ഇല്ലാതെ ജിസിസി രാജ്യങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും സാധിക്കും. അഞ്ച് മുതൽ 10 വർഷം വരെയാണ് ​വിസയുടെ കാലാവധി. യുഎഇയിലാണ് ദീർഘകാല താമസത്തിന് ​ഗോൾഡൻ വിസ നൽകുന്ന രീതി ആരംഭിച്ചത്. പിന്നാലെ മറ്റ് രാജ്യങ്ങളും ​ഗോൾഡൻ വിസയുമായി രം​ഗത്തെത്തുകയായിരുന്നു.

2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ​ഗോൾഡൻ വിസ വിതരണം തുടങ്ങിയത്. ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. പിന്നാലെ വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികൾ എന്നിവരും ​ഗോൾഡൻ വിസയ്ക്ക് അർഹരായി. ഇതോടെ ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു.

Content Highlights: UAE residents can now get Golden Visas across the GCC

To advertise here,contact us