സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടികളുമായി അധികൃതർ. രാജ്യവ്യാപകമായി അധികൃതർ നടത്തിയ ശക്തമായ പരിശോധനകളിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12,292 നിയമലംഘകരെയാണ് സൗദി അറേബ്യ നാടുകടത്തിയത്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെയും അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ സുരക്ഷാ വിഭാഗങ്ങൾ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നാടുകടത്തൽ നടപടികളുടെ ഭാഗമായി നിലവിൽ 16,912 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനുപുറമെ, യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 4,174 പേരെയും ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മാറ്റി. നിലവിൽ 25,412 പുരുഷന്മാരും 2,033 സ്ത്രീകളും ഉൾപ്പെടെ ആകെ 27,445 വിദേശികളാണ് നിയമപരമായ തുടർനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
വിവിധ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 15,591 നിയമലംഘകരാണ് പിടിയിലായത്. ഇതിൽ താമസ നിയമം ലംഘിച്ച 7,759 പേരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,488 പേരും തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 3,344 പേരും ഉൾപ്പെടുന്നു. കൂടാതെ, അതിർത്തി വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,629 പേരെയും അധികൃതർ പിടികൂടി. ഇതിൽ 53 ശതമാനം എത്യോപ്യക്കാരും 46 ശതമാനം യെമനികളുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 58 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുകയോ, ജോലി നൽകുകയോ, യാത്രാസൗകര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്ത 17 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളോ സേവനങ്ങളോ നൽകുന്നത് രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇത്തരക്കാർക്ക് 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം സൗദി റിയാൽ (രണ്ട് കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴയും ചുമത്തും. ഇതോടൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.
Content Highlights: Saudi Arabia deported more than 12,000 foreign nationals within a week as part of an intensified nationwide campaign against residency, labour, and border security violations.