ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ മരണം; ഖത്തറിൽ നാല് ദിവസത്തെ ദുഃഖാചരണം

ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്കാരം ജൂലൈ 12 ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ നടക്കും.

ഖത്തറിന്റെ മുൻ ഭരണാധികാരിയും 'ഫാദർ അമീറു'മായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെതുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ജൂലൈ 13 തിങ്കളാഴ്ച മുതൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ജീവനക്കാർ ജൂലൈ 19 ഞായറാഴ്ചയോടെ ജോലിയിൽ തിരികെ പ്രവേശിക്കണം.

ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്കാരം ജൂലൈ 12 ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ നടക്കും. തുടർന്ന് ലുസൈൽ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. 74-ാം വയസിലാണ് ഷെയ്ഖ് ഹമീദിന്റെ മരണം സംഭവിച്ചത്.

ഒരു സാധാരണ ഗൾഫ് രാജ്യമായിരുന്ന ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള പ്രാദേശിക ശക്തിയായി മാറ്റിയെടുത്തത് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയാണ്. ആധുനിക ഖത്തറിന്റെ ശിൽപ്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1995 മുതൽ 2013ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹമാണ് ഖത്തറിനെ നയിച്ചത്.

ഷെയ്ഖ് ഹമദിന്റെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ ആഗോള ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. ലോകപ്രശസ്ത വാർത്താ ശൃംഖലയായ 'അൽ ജസീറ' ടെലിവിഷൻ ആരംഭിച്ചതും മിഡിൽ ഈസ്റ്റിൽ ആദ്യമായി എത്തിയ 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഖത്തർ വേദിയാകാൻ യോഗ്യത നേടിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണ മികവിലാണ്.

കൂടാതെ 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ്, ഫലസ്തീൻ ഐക്യത്തിനായുള്ള ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ തുടങ്ങിയ നിരവധി ചരിത്രപ്രധാനമായ ആഗോള-പ്രാദേശിക നയതന്ത്ര ചർച്ചകൾക്കും സംഭവങ്ങൾക്കും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ സാക്ഷ്യം വഹിച്ചു. നയതന്ത്രത്തിലും നിക്ഷേപത്തിലും മാധ്യമരംഗത്തും ഖത്തറിനെ ഒരു വൻശക്തിയാക്കി മാറ്റിയ നേതാവാണ് വിടവാങ്ങുന്നത്.

Content Highlights: Qatar is observing four days of official mourning after the death of former Emir Sheikh Hamad bin Khalifa Al Thani. The country has lowered flags to half-mast, and official ceremonies are being held to honour the former leader.

To advertise here,contact us