ഒമാനിൽ ചരക്ക് ഗതാഗതത്തിന് പുതിയ നിബന്ധന; നാളെ മുതൽ പ്രാബല്യത്തിൽ

ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നഖ്ൽ (Naql) പ്ലാറ്റ്‌ഫോം വഴി ലഭിക്കേണ്ട രേഖയില്ലാതെ ചരക്ക് ഗതാഗതം നടത്തിയാലാണ് പിഴ ചുമത്തുക

oman transpot / ai generated

ആവശ്യമായ ഗതാഗത രേഖകളില്ലാതെ ചരക്ക് നീക്കം നടത്തുന്ന വാഹനങ്ങൾക്ക് 200 ഒമാനി റിയാൽ വരെ പിഴ ഏർപ്പെടുത്തി ഒമാൻ. നവംബർ 30 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നഖ്ൽ (Naql) പ്ലാറ്റ്‌ഫോം വഴി ലഭിക്കേണ്ട രേഖയില്ലാതെ ചരക്ക് ഗതാഗതം നടത്തിയാലാണ് പിഴ ചുമത്തുക.

പുതുക്കിയ നിയമപ്രകാരം ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 100 റിയാലും വിദേശത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 200 റിയാലുമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഗതാഗത രേഖ അനുവദിക്കുന്നതിനുള്ള ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഓരോ ഓപ്പറേഷനും 400 ബൈസയും വിദേശ വാഹനങ്ങൾക്ക് 70 റിയാലുമാണ് ഫീസ്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എഞ്ചിനീയർ സയീദ് ബിൻ ഹമൂദ് അൽ മവാലി പുറത്തിറക്കിയ 305/2026-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് പുതിയ മാറ്റങ്ങൾ. നവംബർ 29ന് ഔദ്യോഗിക ഗസറ്റിന്റെ 1676-ാം പതിപ്പിൽ പ്രസിദ്ധീകരിച്ച ഉത്തരവ് നവംബർ 30 മുതൽ പ്രാബല്യത്തിൽ വരും.

കര ഗതാഗത മേഖലയ്ക്കുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന പ്ലാറ്റ്‌ഫോമാണ് നഖ്ൽ. ഓപ്പറേറ്റിങ് കാർഡുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, ഗതാഗത രേഖകൾ എന്നിവ ഇതിലൂടെ ലഭ്യമാക്കാം. 2018ലെ 2/2018-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരം പുറപ്പെടുവിച്ച കര ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് ഭേദഗതി വരുത്തിയത്. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Oman will introduce a new law from tomorrow imposing fines for transporting goods without the required documents.

To advertise here,contact us