ഒമാന്റെ വാണിജ്യ, ടൂറിസം മേഖലയ്ക്ക് കരുത്തേകുക ലക്ഷ്യം; മസീറ ദ്വീപിൽ വൻകിട പദ്ധതിക്ക് തുടക്കം

മസീറ ദ്വീപിന്റെ സ്വാഭാവിക ഭംഗിയും സാംസ്‌കാരിക പൈതൃകവും പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഒമാന്റെ ടൂറിസം, വാണിജ്യ മേഖലകൾക്ക് കൂടുതൽ കരുത്തേകി മസീറ ഐലൻഡിൽ (Masirah Island) 5.775 ദശലക്ഷം ഒമാനി റിയാൽ ചെലവഴിച്ചുള്ള വൻകിട വികസന പദ്ധതിക്ക് തറക്കല്ലിട്ടു. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഒമാൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ 'യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനി'യാണ് പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ഏകദേശം 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന പദ്ധതിയിൽ താമസസൗകര്യങ്ങൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വിനോദ കേന്ദ്രങ്ങൾ, വാണിജ്യ സേവനങ്ങൾ എന്നിവ സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 20 റൂമുകളുള്ള ടൂറിസ്റ്റ് ലോഡ്ജ്, 40-ലധികം വില്ലകളും ഷാലെകളും പരമ്പരാഗത മാർക്കറ്റ് (സൂഖ്), മൾട്ടിപർപ്പസ് ഹാൾ എന്നിവയ്‌ക്കൊപ്പം മനോഹരമായ ലാൻഡ്‌സ്‌കേപ്പ് ഗാർഡനുകളും കാൽനടപ്പാതകളും ഇതിന്റെ ഭാഗമായി ഒരുക്കും.

മസീറ ദ്വീപിന്റെ സ്വാഭാവിക ഭംഗിയും സാംസ്‌കാരിക പൈതൃകവും പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്കായി പുതിയ ആകർഷണങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭകർക്കും പുതിയ സംരംഭങ്ങൾക്കും വാണിജ്യ അവസരങ്ങൾ സൃഷ്ടിച്ച് സാമ്പത്തിക രംഗത്തിന് ഉണർവ് നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിനെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ വൻകിട പദ്ധതി. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ദ്വീപിലെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: Masirah Island project, Oman tourism development, OMR 5.775 million investment, Oman commercial project, United Real Estate Company, Masirah Island tourism, Oman investment news, SME opportunities Oman

To advertise here,contact us