ഒമാനിലെ അൽ അവബിയിലെ അൽ ഹാജിറിനെയും അൽ ഹംറയിലെ ബറകാത്ത് അൽ ശറഫിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന 14 കിലോമീറ്റർ മലമ്പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. മനോഹരമായ മലനിരകളിലൂടെ കൺകുളിർപ്പിക്കുന്ന യാത്രയാണ് ഈ പാതയുടെ മറ്റൊരു പ്രത്യേകത. ദക്ഷിണ അൽ ബാത്തിന ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ അൽ അവബി മുനിസിപ്പാലിറ്റിയാണ് മനോഹരമായ ഈ റോഡ് നിർമ്മിക്കുന്നത്. പദ്ധതിയുടെ നാല് കിലോമീറ്റർ നിർമ്മാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
യാത്രക്കാർക്ക് പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് റോഡിന്റെ രൂപകൽപ്പന. പാത പൂർണ്ണമായി തുറന്നു കൊടുക്കുന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വ്യൂപോയിന്റുകൾ, വിശ്രമകേന്ദ്രങ്ങൾ, കൃത്യമായ ദിശാസൂചകങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും. പ്രകൃതിരമണീയമായ ഈ പാത ഭാവിയിൽ ഒമാനിലെ പ്രമുഖ വിനോദസഞ്ചാര ഇടനാഴിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനോഹരമായ യാത്രാനുഭവത്തിനൊപ്പം ഇരു പ്രദേശങ്ങൾക്കുമിടയിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കാനും ഈ റോഡ് സഹായിക്കും. നിലവിൽ 200 കിലോമീറ്ററോളം ചുറ്റിക്കറങ്ങി വേണം ഇവിടങ്ങളിൽ സഞ്ചരിക്കാൻ. പുതിയ പാത വരുന്നതോടെ യാത്രാദൂരവും സമയവും ചെലവും ഗണ്യമായി കുറയും. കൂടാതെ, അൽ അവബിയിലെയും അൽ ഹംറയിലെയും ജനങ്ങൾ തമ്മിലുള്ള സാമൂഹിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാനും ഈ റോഡ് വഴിയൊരുക്കും.
കടുപ്പമേറിയ പാറക്കെട്ടുകളും കുത്തനെയുള്ള മലഞ്ചെരുവുകളിലൂടെ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതുമടക്കം വലിയ ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ നിർമ്മാണത്തിൽ നേരിടുന്നുണ്ട്. നിർമ്മാണ സമയത്തെ മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽക്കണ്ട് കടുത്ത ജാഗ്രതയോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രകൃതിസൗന്ദര്യം ആസ്വദിച്ചുള്ള യാത്രയ്ക്ക് വഴിയൊരുക്കുന്ന ഈ ഡ്രീം പ്രോജക്ട് ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ്വേകും.
Content Highlights: The new mountain road linking Al Hajir in Al Awabi with Barakat Al Sharaf in Al Hamra is progressing quickly, with four kilometres completed so far. The 14-kilometre project is expected to improve connectivity, reduce travel time and support trade, tourism and local development.