ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം; നിയമവുമായി ഒമാൻ

ഇന്ത്യയിലെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുംബൈയിലെ ഒമാൻ കോൺസുലേറ്റ് ജനറലിന്റെ പുതിയ മുന്നറിയിപ്പ്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഒമാൻ. ഇന്ത്യയിലെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുംബൈയിലെ ഒമാൻ കോൺസുലേറ്റ് ജനറലിന്റെ പുതിയ മുന്നറിയിപ്പ്.

ഇന്ത്യയിൽ അടിയന്തര വൈദ്യസഹായവും ആശുപത്രിവാസവും ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കോൺസുലേറ്റിന്റെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഇൻ്റൻസീവ് കെയർ (ഐസിയു) ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരാൻ സാധ്യതയുണ്ടെന്നും ഇത് യാത്രക്കാരെ പ്രയാസത്തിലാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാ ചെലവുകൾ, മരുന്നുകൾ, ആവശ്യപ്പെടുകയാണെങ്കിൽ മെഡിക്കൽ ഇവവാക്വേഷൻ (നാടുകളിലേക്ക് തിരികെ കൊണ്ടുപോകൽ) എന്നിവ ഇൻഷുറൻസ് പരിധിയിൽ വരുന്നുണ്ടെന്ന് പൗരന്മാർ ഉറപ്പുവരുത്തണമെന്ന് കോൺസുലേറ്റ് നിർദ്ദേശിച്ചു.

ഇന്ത്യയിൽ ഉപരിപഠനത്തിനായി കഴിയുന്ന ഒമാനി വിദ്യാർത്ഥികൾ തങ്ങളുടെ പഠനകാലയളവ് മുഴുവൻ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്ന് പ്രത്യേകമായി ഓർമ്മിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും ഇത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഉയർന്ന വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി ഒമാൻ പൗരന്മാർ പ്രധാനമായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന കർശന നിർദ്ദേശവുമായി ഒമാൻ കോൺസുലേറ്റ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Oman has introduced a health insurance requirement for people travelling to India. Travellers are advised to ensure they have valid health insurance coverage in line with the new travel regulations.

To advertise here,contact us