ഇന്ന് പുലർച്ചെ കുവൈറ്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദന-ജലശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ വൻ തീപിടിത്തമുണ്ടായതായും വൈദ്യുതി ഉത്പാദന യൂണിറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചതായും ജല, വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യത്തിൽ ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ മന്ത്രാലയം ഉടനടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുവൈറ്റ് അഗ്നിശമന സേന കഠിനശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. ഇതിന് പിന്നാലെ മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘവും മറ്റ് സുരക്ഷാ വകുപ്പുകളും ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തി. തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും പ്രവർത്തനസജ്ജമാക്കാനുള്ള ഊർജിത ശ്രമങ്ങൾ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാങ്കേതിക വിഭാഗങ്ങൾ 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്. ദേശീയ ഗ്രിഡിന്റെ അവസ്ഥ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിലൂടെ ദേശീയ ശൃംഖലയിലെ അമിതഭാരം ഒഴിവാക്കാൻ സാധിക്കുമെന്നും ഇതിനായി രാജ്യത്തെ പൗരന്മാരും പ്രവാസികളും പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: A key electricity generation facility in Kuwait has reportedly been damaged in the Iranian attack. Authorities are assessing the extent of the damage while monitoring the impact on power supply and critical infrastructure.