കുവൈറ്റിൽ വ്യാജ ചികിത്സയും നിയമലംഘനവും; ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം നടത്തിയ സംയുക്ത റെയ്ഡിലാണ് ഞെട്ടിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്ന് ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതരുടെ ഉത്തരവ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധിയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അടിയന്തര നിർദ്ദേശം നൽകിയത്. ഇതിനുപുറമെ, നിയമലംഘനം കണ്ടെത്തിയ ഒരു മെഡിക്കൽ സെന്ററിനെ കൂടുതൽ അന്വേഷണങ്ങൾക്കായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം നടത്തിയ സംയുക്ത റെയ്ഡിലാണ് ഞെട്ടിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലൈസൻസ് നിബന്ധനകൾ പാലിക്കാതിരിക്കുക, തൊഴിൽപരമായ ചട്ടങ്ങൾ ലംഘിക്കുക, സാങ്കേതികവും ഭരണപരവുമായ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഒരു മെഡിക്കൽ സെന്റർ, ഒരു ക്ലിനിക്, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സർവീസ് സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുത്തത്.

സാൽമിയയിലെ ഒരു പ്രമുഖ മെഡിക്കൽ സെന്ററിലാണ് അതീവ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസിങ് വകുപ്പ്, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവർ സംയുക്തമായാണ് ഇവിടെ പരിശോധന നടത്തിയത്. മതിയായ മെഡിക്കൽ ലൈസൻസോ യോഗ്യതയോ ഇല്ലാത്ത നിരവധി പേരാണ് ഇവിടെ രോഗികളെ ചികിസിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.

സിവിൽ ഐഡി കാർഡിൽ 'സെയിൽസ് റെപ്രസെന്റേറ്റീവ്' എന്ന് രേഖപ്പെടുത്തിയ ഒരാൾ രോഗികളെ പരിശോധിക്കുകയും അവർക്ക് മെഡിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്തതായി അധികൃതർ കണ്ടെത്തി. ഇത് കൂടാതെ ഇയാൾ നിയമവിരുദ്ധമായി രോഗികൾക്ക് ബോടോക്സ്, ഡെർമൽ ഫില്ലർ തുടങ്ങിയ സൗന്ദര്യവർദ്ധക കുത്തിവെയ്പ്പുകൾ എടുത്തതായും തെളിഞ്ഞിട്ടുണ്ട്. ക്ലിനിക്കിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ജീവനക്കാരിയാണ് ചികിത്സയ്ക്ക് മുന്നോടിയായുള്ള പ്രധാന മെഡിക്കൽ പരിശോധനകൾ നടത്തുന്നതെന്നും റെയ്ഡിൽ കണ്ടെത്തി.

വ്യാജ ചികിത്സയ്ക്ക് പുറമെ മരുന്ന് കൈകാര്യം ചെയ്യുന്നതിലും വലിയ നിയമലംഘനങ്ങൾ ഈ സ്ഥാപനത്തിൽ നടന്നിരുന്നു. ഡ്രഗ് ഇൻസ്പെക്ഷൻ വകുപ്പിന്റെ യാതൊരുവിധ അനുമതിയുമില്ലാതെ സൂക്ഷിച്ച സൗന്ദര്യവർദ്ധക ചികിത്സകൾക്കും മറ്റ് തെറാപ്പികൾക്കും ഉപയോഗിക്കുന്ന വലിയ തോതിലുള്ള ഇൻജെക്ഷനുകളും മരുന്നുകളും അധികൃതർ പിടിച്ചെടുത്തു. കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖല സുതാര്യമാക്കുന്നതിനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwaiti authorities have shut down seven private healthcare facilities for violating regulations and engaging in unauthorized medical practices. The action is part of ongoing efforts to ensure compliance with healthcare standards and protect public health.

To advertise here,contact us