തൊഴിൽ ചൂഷണത്തിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ കുവൈറ്റിൽ പുതിയ തൊഴിൽ കൈമാറ്റ നിയമം. സ്പോൺസറുടെ വീഴ്ചയോ വ്യാജ ഒളിച്ചോട്ട പരാതിയോ മൂലം വിസ നടപടികൾ തടസ്സപ്പെട്ടാൽ, ഒരു വർഷത്തെ നിർബന്ധിത കാലാവധിക്ക് മുൻപും തൊഴിലാളികൾക്ക് വിസ മാറ്റാൻ അനുമതി ലഭിക്കും. വിസ തട്ടിപ്പുകൾ തടയാനും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പുതിയ ഭേദഗതി.
തൊഴിലുടമകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ നിന്നും വ്യാജ ഒളിച്ചോട്ട പരാതികളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി തൊഴിൽ മാറ്റ നിയമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിപ്ലവകരമായ പരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഭേദഗതികൾ അനുസരിച്ച്, ഒരു തൊഴിലുടമയുടെ കീഴിൽ നിർബന്ധമായും പൂർത്തിയാക്കേണ്ട ഒരു വർഷത്തെ കാലാവധിക്ക് മുമ്പ് തന്നെ തൊഴിലാളികൾക്ക് മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാൻ അനുമതി ലഭിക്കും.
തൊഴിലാളിയുടെ ഭാഗത്ത് തെറ്റില്ലാതിരിക്കുകയും സ്പോൺസറുടെ വീഴ്ചയോ അനാസ്ഥയോ കാരണം വർക്ക് പെർമിറ്റോ വിസയോ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ പുതിയ നിയമം തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, സ്പോൺസറുടെ കമ്പനി ഫയൽ സസ്പെന്റ് ചെയ്യപ്പെടുകയോ, തൊഴിലാളിയുടെ അവകാശങ്ങൾ നിഷേധിക്കാൻ വേണ്ടി വ്യാജ ഒളിച്ചോട്ട പരാതികൾ നൽകുകയോ ചെയ്തതായി തെളിഞ്ഞാൽ മാൻപവർ അതോറിറ്റി നേരിട്ട് ഇടപെട്ട് വിസ മാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കും.
തൊഴിലാളികൾക്ക് വിസ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകിപ്പിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന സ്പോൺസർമാരെ വീഴ്ച വരുത്തിയവരായി കണക്കാക്കി കടുത്ത നടപടികളാണ് അതോറിറ്റി സ്വീകരിക്കുക. ഇത്തരക്കാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുകയും പുതിയ റിക്രൂട്ട്മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. വിസ തട്ടിപ്പുകൾ തടയാനും സ്പോൺസർമാരുടെ അനാസ്ഥ കാരണം പ്രവാസികൾ ദുരിതത്തിലാകുന്നത് ഒഴിവാക്കാനും പുതിയ ഭേദഗതികൾ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
Content Highlights: Kuwait has announced a new labour transfer law to safeguard workers from exploitation and strengthen labour rights. The regulation is expected to improve job transfer procedures, ensure fair treatment of employees, and enhance transparency in the labour sector.