യുഎസ് സർവകലാശാലകളിൽ പ്രവേശനം ലഭിച്ച യുഎഇയിലെ നിരവധി പ്രവാസി വിദ്യാർത്ഥികൾക്ക് വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ക്ലാസുകൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, യുഎഇയിലും സ്വന്തം നാടുകളിലും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭിക്കാത്തതാണ് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യുഎഇയിൽ വിസ പ്രോസസിങ് താത്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഇന്ത്യ അടക്കമുള്ള സ്വന്തം രാജ്യങ്ങളിലേക്ക് അപേക്ഷിക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ അപേക്ഷാ കേന്ദ്രങ്ങളിലും ആഴ്ചകളായി ഒരൊറ്റ സ്ലോട്ട് പോലും ലഭ്യമാകുന്നില്ലെന്ന് രക്ഷകർത്താക്കൾ വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് പല കുടുംബങ്ങളും മറ്റ് രാജ്യങ്ങളിലെ ഉന്നത പഠന സാധ്യതകൾ തേടിത്തുടങ്ങിയിട്ടുണ്ട്.
യുഎസ് എംബസിയിലെയും കോൺസുലേറ്റിലെയും ചില ജീവനക്കാരെ പിൻവലിച്ചതിനെ തുടർന്നാണ് നിലവിൽ സർവീസുകൾ പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇയിലെ യുഎസ് എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളുള്ളവർക്ക് വിസ ഇന്റർവ്യൂ തീയതി വേഗത്തിലാക്കാൻ 'എക്സ്പഡൈറ്റ് റിക്വസ്റ്റ്' (expedite request) സമർപ്പിക്കാമെങ്കിലും അതിന്റെ അനുമതി കൗൺസിലർ ഓഫീസറുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും അവർ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ട്യൂഷൻ ഫീസും മാറിയ വിസ നയങ്ങളും അന്താരാഷ്ട്ര പഠനം കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്ന് വിദ്യാഭ്യാസ വിചക്ഷണർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ വരും വർഷങ്ങളിൽ വിദേശ പഠനം ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾ ചെലവുകളും വിസ തടസ്സങ്ങളും നേരത്തെ തന്നെ വിലയിരുത്തേണ്ടതുണ്ടെന്ന് അവർ നിർദ്ദേശിക്കുന്നു.
Content Highlights: Expatriate students admitted to universities in the United States are facing uncertainty due to delays in student visa processing. The prolonged wait has raised concerns about missing academic sessions, with many students and families seeking faster processing of their applications.