പശ്ചിമേഷ്യൻ യുദ്ധഭീതി തുടരുന്നു; ബഹ്റൈനിലും കുവൈറ്റിലും മിസൈൽ ആക്രമണം, നയതന്ത്ര ശ്രമവുമായി സൗദി

ആക്രമണങ്ങളും യുദ്ധഭീഷണിയും ശക്തമാകുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ നേതൃത്വത്തിൽ നയതന്ത്ര നീക്കങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നടപടിയെതുടർന്ന് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ബഹ്റൈനിലും കുവൈറ്റിലും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണമുണ്ടായതായാണ് ഏറ്റവും പുതിയ വിവരങ്ങൾ. കുവൈറ്റിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, ബഹ്റൈന്റെ വിവിധ മേഖലകളിൽ അൽപ്പം മുമ്പും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന അപായ സൈറണുകൾ മുഴങ്ങിയത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്ക കൂടുതൽ യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തിക്കുകയാണ്. അതിനിടെ, പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് മേൽ സമുദ്ര ഉപരോധം പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതത്തെയും വ്യാപാര മേഖലയെയും പൂർണ്ണമായി ബാധിക്കുന്ന തരത്തിലാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം.

ആക്രമണങ്ങളും യുദ്ധഭീഷണിയും ശക്തമാകുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ നേതൃത്വത്തിൽ നയതന്ത്ര നീക്കങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അടിയന്തര ചർച്ചകൾ നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ അബ്ദലത്തി എന്നിവരുമായാണ് സൗദി വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തിയത്.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് അറബ് നേതാക്കൾ പ്രധാനമായും അവലോകനം ചെയ്തത്. നിലവിലെ സായുധ സംഘർഷങ്ങൾ അടിയന്തരമായി നിയന്ത്രിക്കാനുള്ള മാർഗങ്ങളും, പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ചകളിൽ പ്രധാന വിഷയമായി. അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയോടെയാണ് ഈ മേഖലയിലെ സംഭവവികാസങ്ങളെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

Content Highlights: The security situation in West Asia remains tense following reports of missile attacks in Bahrain and Kuwait. As regional concerns grow, Saudi Arabia has intensified diplomatic initiatives aimed at de-escalating the conflict and preventing further instability.

To advertise here,contact us