മോഷണങ്ങള്‍ തടയാന്‍ ബഹ്റൈനില്‍ കര്‍ശന സുരക്ഷാ നടപടി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും പൊലീസ് പട്രോളിങ് ശക്തമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. കവര്‍ച്ചക്കാര്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബഹ്റൈനില്‍ മോഷണങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിപുലമായ സുരക്ഷാ സംവിധാനത്തിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുകയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം വ്യാപകമാക്കിയതായും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും മോഷണങ്ങള്‍ തടയാനും എല്ലാ ഗവര്‍ണറേറ്റുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് പട്രോളിംഗ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും പ്രതികളുടെ പ്രവര്‍ത്തനരീതി വിശകലനം ചെയ്ത് കേസുകള്‍ തെളിയിക്കുന്നതിനും ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. ബഹ്റൈന്‍ നിയമപ്രകാരം മോഷണ കേസുകളിലെ പ്രതികള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. ആയുധങ്ങളുമായി നടത്തുന്ന കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, അക്രമം, സംഘം ചേര്‍ന്നുളള മോഷണം എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം വരെയാണ് ശിക്ഷ.
വീടുകള്‍, ആരാധനാലയങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മോഷണങ്ങള്‍ക്കും സമനമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ക്കായി അവ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പിന്നാലെ കോടതിയാകും ശിക്ഷാവിധി പുറപ്പെടുവിക്കുക.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണവും പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടല്‍, പുറത്ത് ആവശ്യമായ വെളിച്ചം ഉറപ്പാക്കല്‍ എന്നീ കാര്യങ്ങള്‍ നിര്ബദ്ധമായും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തുന്നതും ഒഴിവാക്കണം. വീടുകളുടെ മുന്‍വശങ്ങളില്‍ സ്പെയര്‍ കീ സൂക്ഷിക്കരുതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ കൈവശപ്പെടുന്ന വിധത്തില്‍ വെക്കാതിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
Content Highlights: Bahrain authorities have decided to strengthen security patrolling in various regions to curb theft incidents and improve public safety. The move is part of broader efforts to enhance law and order and ensure better security monitoring.