അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും ചെയ്ത സിനിമയാണ് സുഖമാണോ സുഖമാണ്. മാത്യു തോമസ്, ജഗദീഷ്, ദേവിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ തിയേറ്ററിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ചിത്രം ഒരുപാട് പേർക്ക് റിലേറ്റ് ആകുന്നതിൽ സന്തോഷമുണ്ടെന്നും വളരെ ആക്സിഡന്റലി ഉണ്ടായ സിനിമയാണ് സുഖമാണ് സുഖമാണെന്നും പറയുകയാണ് സംവിധായകൻ അരുൺ ലാൽ രാമചന്ദ്രൻ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകപ്രതികരണങ്ങൾ
ഭയങ്കര സന്തോഷമുണ്ട്. ഫാമിലി പ്രേക്ഷകർക്ക് ഒരുപാട് കണക്ട് ആകുന്നുണ്ട് എന്ന് പറയുന്നുണ്ട്. ഒറ്റപ്പെടൽ എന്ന തീം ആണ് ഞങ്ങൾ ഇതിലൂടെ പറയാൻ ശ്രമിച്ചത്. അത് ഒരുപാട് പേർക്ക് റിലേറ്റ് ആകുകയും സുഖമാണോ എന്ന് ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു എന്ന കമന്റുകൾ ഇവിടെ നിന്ന് വരുന്നുണ്ട്. പടത്തിന്റെ വിജയത്തേക്കാൾ ഉപരി ഇങ്ങനെ കണക്ട് ആകുന്നു എന്ന് പ്രേക്ഷകർ പറയുമ്പോൾ സന്തോഷം തോന്നുന്നു.
മാത്യുവും ജഗദീഷേട്ടനും
ആക്സിഡന്റലി ഉണ്ടായ സിനിമയാണ് ഇത്. എന്റെ സുഹൃത്ത് വഴിയാണ് നെയ്മറിന്റെ ഷൂട്ടിംഗ് സമയത്ത് മാത്യു ഇതിന്റെ ത്രെഡ് കേൾക്കുന്നത്. കേട്ടപ്പോൾ തന്നെ മാത്യുവിന് ഇഷ്ടപ്പെട്ടിട്ട് എന്നെ കാണാൻ പറ്റുമോയെന്ന് ചോദിക്കുകയും പിന്നെ മാത്യുവിനെ കണ്ട് സിനിമ ചെയ്യാൻ ഉറപ്പിക്കുകയും ചെയ്തു. ആദ്യം ഈ വയസിലുള്ള കഥാപാത്രമായിരുന്നില്ല മനസ്സിൽ. പിന്നീട് മാത്യു ഈ സിനിമയിലേക്ക് വന്നപ്പോൾ ഈ വയസിലുള്ള ഒരാൾ ഇത് ചെയ്താൽ നന്നാകും എന്ന് തോന്നി. സിനിമ ഷൂട്ട് ചെയ്യുമ്പോഴും അത് കാണുമ്പോഴും മാത്യു തന്നെ ആയിരുന്നു കറക്റ്റ് എന്ന് എനിക്ക് തോന്നിയിരുന്നു. പല സാഹചര്യത്തിൽ ജീവിക്കുന്ന മൂന്ന് പേർ. എന്നാൽ അവർ മൂവരും നേരിടുന്ന പ്രശ്നം ഏകാന്തതയാണ്. സിനിമയിലെ ഐപ്പ് എന്ന കഥാപാത്രം ഒരേ സമയം തമാശ പറയുകയും ഉള്ളിൽ ഒരുപാട് സങ്കടം കൊണ്ട് നടക്കുകയും ചെയ്യുന്ന ആളുമാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ കഴിയുന്ന ഒരാൾ വേണമെന്ന് ആലോചിച്ചപ്പോൾ ജഗദീഷേട്ടൻ മനസിലേക്ക് വന്നത്.
ദുൽഖറും മമ്മൂട്ടിയുമായി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു
കരിങ്കുന്നം സിക്സസിന് ശേഷം ദുൽഖറിനോട് ഒരു കഥ പറഞ്ഞിരുന്നു. ദുൽഖറിന് ആ കഥ ഭയങ്കര ഇഷ്ടമായിരുന്നു. വേഫറർ ഫിലിംസിന്റെ ആദ്യ സിനിമയായി വരാനിരുന്ന സിനിമ ആയിരുന്നു അത്. ദുൽഖറിന്റെ തിരക്ക് കാരണം അത് നടക്കാതെ പോയി. അത് ചിലപ്പോൾ പിന്നെ സംഭവിച്ചേക്കാം. അതിനൊപ്പം മറ്റു ഐഡിയകളും ഞാൻ പ്ലാൻ ചെയ്യാറുണ്ടായിരുന്നു. മമ്മൂക്കയായിട്ടും ഒരു പ്രൊജക്റ്റ് പ്ലാനിൽ ഉണ്ടായിരുന്നു. അതും ഒരു ത്രില്ലർ ആയിരുന്നു. മമ്മൂക്കയുടെ തിരക്കുകൾ കാരണം അതും മുന്നോട്ട് പോയില്ല. അതിനിടെ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥ ആയിരുന്നു സുഖമാണോ സുഖമാണ്. പിന്നീട് മാത്യു എന്നോട് എന്തുകൊണ്ട് ഞാൻ തന്നെ സംവിധാനം ചെയ്തുകൂടാ എന്ന് പറഞ്ഞു. അങ്ങനെ അങ്ങ് സംഭവിച്ച സിനിമയാണ് ഇത്.
എല്ലാ സിനിമയും മലയാളികൾ ഇന്ന് സ്വീകരിക്കുന്നു
സിനിമയുടെ സ്കെയിൽ കുറയുന്തോറും നമ്മൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തിയേറ്റർ കിട്ടുന്നില്ല എന്നത്. പക്ഷെ ഇന്ന് മലയാളത്തിൽ ഏത് രീതിയിലും എക്സ്പെരിമെന്റ് ചെയ്യാൻ കഴിയും. ഞാൻ 10.30 am ലോക്കൽ കോൾ ചെയ്യുന്ന സമയത്ത് നിഷാൻ ഉൾപ്പെടെയുള്ള പുതിയ താരങ്ങൾ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ആദ്യ ദിവസങ്ങളിൽ ആളെക്കിട്ടാത്ത ഒരു അവസ്ഥ ആ സിനിമയ്ക്ക് ഞാൻ നേരിട്ടു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്ന് തിയേറ്ററിലേക്ക് ആളുകൾ വരുന്നുണ്ട്. സ്റ്റാർ സിനിമകളുമായി താരതമ്യപ്പെടുമ്പോൾ ഷോസിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ആളുകൾ സിനിമ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അത് കോവിഡിന് ശേഷം ഒടിടിയുടെ വളർച്ചയോടെ ഉണ്ടായതാണ്. നമ്മുടെ കൈയിൽ നല്ല കഥയുണ്ട് അതിൽ നമുക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ അത് ചെയ്യണം എന്ന് തന്നെയാണ് എന്റെ പക്ഷം.
അടുത്ത പ്രൊജെക്ടുകൾ
ഒന്ന് രണ്ട് സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു ത്രില്ലർ ഐഡിയ എന്റെ പക്കൽ ഉണ്ട്. അതെല്ലാം എപ്പോൾ എങ്ങനെ സംഭവിക്കും എന്നറിയില്ല. അടുത്തത് സംവിധാനത്തിനുള്ള ശ്രമവും ഉണ്ട് ഒപ്പം എഴുത്തുകളും നടക്കുന്നുണ്ട്.
Content Highlights: Director Arunlal of sukhamano sukhamanu fame talks about his film and working with mathew thomas and jagadish