രജനീകാന്ത് നായകനായി എത്തി തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് 'ജയിലർ 2'. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ചിത്രം കാണാൻ തിയേയറ്ററിൽ വൻ തിരക്കാണ്. 2023-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ 'ജയിലറി'ന്റെ രണ്ടാം ഭാഗമായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാകുമ്പോഴേക്കും 125 കോടി രൂപയിലധികം ജയിലർ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ വിജയവാർത്തകൾക്കൊപ്പം തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഡെക്കാൻ ക്രോണിക്കിൾ ആണ് ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലക്കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നായകൻ രജനീകാന്തിന്റെ പ്രതിഫലമാണ്. ചിത്രത്തിലെ മുഖ്യവേഷത്തിനായി തലൈവർ രജനീകാന്ത് 110 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ ലാഭവിഹിതവും കരാർ പ്രകാരം രജനിക്ക് ലഭിക്കുമെന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ചിത്രം വലിയ വിജയമായി മാറുന്നതോടെ അദ്ദേഹത്തിന് ആകെ 180 കോടി രൂപവരെ പ്രതിഫല ഇനത്തിൽ ലഭിച്ചേക്കും.
ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ബോളിവുഡ് താരം ഹൃത്വിക് റോഷൻ 25 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. വിദ്യാ ബാലൻ 6 കോടിയും കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ 8 കോടി രൂപയുമാണ് പ്രതിഫലമായി നേടിയത്. എന്നാൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജനീകാന്തിനൊപ്പം രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, കോട്ടയം നസീർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന 'ജയിലർ 2' ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് കുതിപ്പ് തുടരുകയാണ്.
Content Highlights: The reported remuneration of the Jailer 2 cast has become a topic of discussion, with Rajinikanth said to be receiving up to ₹180 crore. Questions about the reported salaries of co-stars Mohanlal and Hrithik Roshan have also drawn attention. The figures relate to media reports and should not be treated as officially confirmed unless verified.