മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിയേറ്ററിൽ എത്തുന്നുണ്ട്. എന്തിനേറെ ഹോളിവുഡ് റീ റിലീസ് സിനിമകൾ പോലും കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ ആണ് നേടുന്നത്. റീ റിലീസ് സമയത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് ഇപ്പോൾ പതിവാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലെ പുതിയ എൻട്രിയാണ് അല്ലു അർജുൻ ചിത്രം ഹാപ്പി. 20 വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. നിലവിലെ റീ റിലീസുകളിലെ ഓപ്പണിങ്ങിൽ ഒൻപതാം സ്ഥാനത്താണ് ഹാപ്പി.
റീ റിലീസ് ഓപ്പണിങ്ങിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുന്നത് മോഹൻലാൽ സിനിമകൾ ആണെന്ന പ്രത്യേകതയുമുണ്ട്. സ്ഫടികം ആണ് റീ റിലീസ് കളക്ഷനിലും ഒന്നാമൻ. 88 ലക്ഷം ആണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. രാവണപ്രഭു രണ്ടാം സ്ഥാനത്തും മണിച്ചിത്രത്താഴ് മൂന്നാം സ്ഥാനത്തുമാണുള്ളത്. രാവണപ്രഭു 73 ലക്ഷം നേടിയപ്പോൾ മണിച്ചിത്രത്താഴ് 50 ലക്ഷം രൂപയാണ് ആദ്യ ദിനം വാരിക്കൂട്ടിയത്. ഹോളിവുഡ് ചിത്രങ്ങളായ അവതാറും ഇന്റർസ്റ്റെല്ലാറും ആണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അവതാർ 43 ലക്ഷവും ഇന്റർസ്റ്റെല്ലാർ 38 ലക്ഷവും ആണ് നേടിയത്. 37 ലക്ഷവുമായി മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ ആറാം സ്ഥാനത്തും 31 ലക്ഷവുമായി ബാഹുബലി ദി എപ്പിക്ക് ആണ് ഏഴാം സ്ഥാനത്ത്.
ദേവദൂതൻ ആണ് എട്ടാം സ്ഥാനത്ത്. 30 ലക്ഷം ദേവദൂതൻ ആദ്യ ദിനം നേടി. അല്ലു അർജുൻ ചിത്രം ഹാപ്പി ആണ് ഒൻപതാം സ്ഥാനത്ത്. പ്രീമിയർ ഷോകൾ ഉൾപ്പെടെ ആദ്യ ദിനം 29 ലക്ഷം ആണ് അല്ലു ചിത്രം നേടിയത്. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോൾ വലിയ ആഘോഷത്തോടെ ആണ് മലയാളികൾ വരവേറ്റിരിക്കുന്നത്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സ്ക്രീൻ കൗണ്ട് കൂട്ടാനും സാധ്യതയുണ്ട്. എറണാകുളം സവിത തിയേറ്ററിൽ ആണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിച്ചത്. തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വിഡിയോകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാട്ടുകൾക്കൊത്ത് ഡാൻസ് കളിക്കുകയും ഡയലോഗുകൾ ഏറ്റുപറയുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോ ട്രെൻഡിങ്ങിലാണ്.
Top 10 Re Release Openings At Kerala Box Office 1. #Spadikam - ₹88L 2. #Ravanaprabhu - ₹73L3. #Manichitrathazhu - ₹50L4. #Avatar - ₹43L5. #Interstellar - ₹38L6. #ChottaMumbai - ₹37L 7. #BaahubaliTheEpic - ₹31.40L8. #Devadoothan - ₹30L 9. #Happy / #Happy4K -…
മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ ആണ് ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ള സിനിമ. ഈ പട്ടികയിലുള്ള ഏക മമ്മൂട്ടി സിനിമയും ഇത് തന്നെ. 23 ലക്ഷം ആണ് വല്ല്യേട്ടൻ നേടിയത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിച്ചത്. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്ല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന മാസ്സ് കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.
ഇനിയും നിരവധി ചിത്രങ്ങൾ റീ റിലീസിന് കാത്തിരിക്കെ മോഹൻലാൽ തീർത്ത റെക്കോർഡുകൾ ആ സിനിമകൾക്ക് മറികടക്കാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: Re-release box office trends once again highlight the enduring popularity of Mohanlal, with several of his films leading the opening-day charts. The list also features a surprise entrant that has managed to attract strong audience interest, adding an unexpected twist to the re-release race.