ത്രില്ലും ഇമോഷനും ഒരുമിച്ച് സംഭവിച്ച സിനിമ, ലാലേട്ടന്റെ അവസാനത്തെ മോണോലോഗിൽ ഞാൻ കരഞ്ഞു: വിനായക് ശശികുമാർ

'ഇപ്പോൾ പോലും തിരിഞ്ഞു നോക്കുമ്പോൾ ഒരേ പോലെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ വേറെ ഉണ്ടായിട്ടില്ല'

മലയാളത്തിൽ ആദ്യം പുറത്തിറങ്ങി പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ സിനിമ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് കളം വിട്ടത്. സിനിമ കണ്ട്‌ ഞെട്ടിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാർ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയായിരുന്നു അദ്ദേഹം.

'ത്രില്ലർ സിനിമകൾ കണ്ട്‌ ത്രില്ലടിക്കാൻ ഇഷ്ടമാണ്, ഇമോഷണൽ സിനിമകൾ കണ്ട്‌ കരയാനും എനിക്ക് ഇഷ്ടമാണ്. ഇത് രണ്ടും കൂടെ ഒരുമിച്ച് സംഭവിച്ച ഒറ്റ സിനിമയെ ഞാൻ കണ്ടിട്ടുള്ളൂ, അത് ദൃശ്യം ആണ്. ആ സിനിമയുടെ അവസാനത്തിലെ മോഹൻലാലിന്റെ മോണോലോഗിൽ തിയേറ്ററിൽ ഇരിക്കുമ്പോൾ ഞാൻ കരഞ്ഞു. ഇപ്പോൾ പോലും തിരിഞ്ഞു നോക്കുമ്പോൾ ഒരേ പോലെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ വേറെ ഉണ്ടായിട്ടില്ല', വിനായകിന്റെ വാക്കുകൾ.

അതേസമയം, ദൃശ്യം 3 ഏപ്രിൽ രണ്ടിന് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Content Highlights: Vinayak sasikumar talks about Mohanlal film Drishyam and how he felt after watching the film

To advertise here,contact us