'സ്കൂട്ടറിൽ പോകാമെന്ന് മമ്മൂക്കയോട് പറഞ്ഞു, മൂപ്പിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു,' കലാഭവൻ അൻസാർ

മേലൊക്കെ കയ്യിട്ട് ഫോട്ടോ എടുക്കുന്നത് മമ്മൂട്ടിയെ പോലുള്ള ആളുകൾക്ക് പ്രശ്നമാകും. ആള് കൂടുമ്പോൾ അത് കുറയ്ക്കാൻ വേണ്ടിയാണ് ഈ ബലം പിടുത്തം

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അന്‍സാര്‍ കലാഭവന്‍. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കിടുകയാണ് അദ്ദേഹം ഇപ്പോൾ. മമ്മൂട്ടിയുമായി ദൂര യാത്രകൾ ചെയ്തിട്ടുണ്ടെന്നും പണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം സ്കൂട്ടറിൽ പോയിട്ടുണ്ടെന്നും അൻസാർ പറഞ്ഞു. ആദ്യമൊക്കെ റോഡരികിൽ നിന്ന് മമ്മൂട്ടിയ്‌ക്കൊപ്പം ഭക്ഷണത്തെ കഴിച്ചതിന്റെ ഓർമകളും അൻസാർ പങ്കിട്ടു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അധികം മാർക്കറ്റ് ഇല്ലാത്ത നടന്മാരെ വെച്ച് പടം ചെയ്ത് ഹിറ്റാകുമ്പോൾ അതിന്റെ ടെക്‌നീഷ്യൻഷിനാണ് പേര് കിട്ടുന്നത്. ഹീറോയെവെച്ച് സിനിമ ചെയ്യുമ്പോൾ ചിത്രം വിജയിച്ചാൽ പേര് മുഴുവൻ ആ നടന് പോകും. മോശമായാൽ ചീത്ത മുഴുവൻ ഡയറക്ടർക്കും റൈറ്റർക്കും ആണ് കിട്ടുന്നത്. മമ്മൂക്കയ്ക്ക് എപ്പോഴും കൂട്ട് വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല, അദ്ദേഹത്തിന് വർത്തമാനം പറയാൻ ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുമൊത്ത് ഒരുപാട് ദൂരയാത്രകൾ പോയിട്ടുണ്ട്. ഇടയ്ക്ക് ജഗദീഷ് ഉണ്ടായിട്ടുണ്ട്. തിരുവന്തപുരം പോകുമ്പോൾ രാത്രി തട്ടുകടയിൽ നിന്ന് ഓംലെറ്റ് വാങ്ങി കഴിച്ചിട്ടുണ്ട്. വണ്ടി നമ്പർ കാണുമ്പോൾ ആളുകൾ ഓടി വന്നിട്ടുണ്ടെങ്കിലും പുള്ളി പുറത്തിറങ്ങി ഭക്ഷണം കഴിച്ചിരുന്നു.

ഒരിക്കൽ എറണാകുളത്ത് ഫ്ലവർ ഷോ നടക്കുന്നുണ്ടായിരുന്നു. അഹിംസ കഴിഞ്ഞിരിക്കുന്ന സമയമാണ് എന്ന് തോന്നുന്നു, ഐ വി ശശിയുടെ സിനിമകൾ ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിലാണ്. ബോർ അടിച്ച് പുള്ളിയുടെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു നമ്മുക്ക് പുറത്ത് പോയാലോ എന്ന്. പുറത്ത് എങ്ങോട്ട് പോകാനാണെന്ന് അദ്ദേഹം ചോദിച്ചു, വെറുതെ പോയിട്ട് വരാമെന്ന് ഞാനും പറഞ്ഞു. സ്കൂട്ടറിൽ പോകാമെന്ന് പറഞ്ഞപ്പോൾ ആളുകൾ പ്രശ്നമാകുമെന്ന് മമ്മൂക്ക പറഞ്ഞു. പക്ഷെ മൂപ്പിച്ചപ്പോൾ സമ്മതിച്ചു. ഒരു ടവൽ തലയിൽ കെട്ടി ഫ്ലവർ ഷോ നടക്കുന്നിടത്ത് പോയി. ചിലർ മമ്മൂട്ടി അല്ലെ എന്നൊക്കെ സംശയിച്ച് നോക്കും.

പണ്ട് ആളുകളുടെ എടുത്ത് ബലം പിടിക്കാതിരിക്കാൻ പറ്റില്ല. മേലൊക്കെ കയ്യിട്ട് ഫോട്ടോ എടുക്കുന്നത് മമ്മൂട്ടിയെ പോലുള്ള ആളുകൾക്ക് പ്രശ്നമാകും. ആള് കൂടുമ്പോൾ അത് കുറയ്ക്കാൻ വേണ്ടിയാണ് ഈ ബലം പിടുത്തം. മനപൂർവം അങ്ങനെ ബലം പിടിക്കുന്നതാണ് അല്ലാതെ അദ്ദേഹം അങ്ങനെ ഒരാളല്ല,' കലാഭവൻ അൻസാർ പറഞ്ഞു. മമ്മൂട്ടിയെ ഇപ്പോഴും വിളിക്കാറുണ്ടെന്നും അടുത്തിടെ വയ്യാതിരുന്നപ്പോൾ വിളിച്ചിരുന്നുവെന്നും അൻസാർ കൂട്ടിച്ചേർത്തു.

Content Highlights: Kalabhavan Ansar shares his experience of traveling with Mammootty

To advertise here,contact us