'അതൊരു പ്രത്യേകത ഉള്ള പാട്ടാണെന്ന് മമ്മൂക്ക പറഞ്ഞു, അത്തരം പാട്ടുകളും എനിക്ക് പാടാൻ പറ്റുമെന്ന് തെളിയിച്ചു'

'മലയാളത്തിൽ നീ ഒരുപാട് പാട്ട് പാടുമെങ്കിലും ഈ ഗാനം നിനക്ക് ഒരു ബെഞ്ച്മാർക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'

മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായകനാണ് അഫ്സൽ. രാപ്പകൽ എന്ന മമ്മൂട്ടി ചിത്രത്തിൽ അഫ്സൽ പാടിയ 'പോകാതെ കരിയിലക്കാറ്റേ..' എന്ന ഗാനം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്. ഈ ഗാനത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അഫ്‌സൽ. ഒരുപാട് പാട്ടുകൾ താൻ പാടിയിട്ടുണ്ട് എങ്കിലും 'പോകാതെ കരിയിലക്കാറ്റേ..' എന്ന ഗാനത്തിന് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് അഫ്സൽ പറഞ്ഞു. മമ്മൂക്ക തനിക്ക് നൽകിയ അഭിനന്ദനത്തിനെക്കുറിച്ചും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അഫ്സൽ പറഞ്ഞു.

'പോകാതെ കരിയിലക്കാറ്റേ..' എന്ന പാട്ട് പാടികഴിഞ്ഞ് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് സിനിമയുടെ റൈറ്റർ ആയ ടി എ റസാക്ക് ആണ്. മലയാളത്തിൽ നീ ഒരുപാട് പാട്ട് പാടുമെങ്കിലും ഈ ഗാനം നിനക്ക് ഒരു ബെഞ്ച്മാർക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ഒരുപാട് പാട്ട് പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അഫ്സൽ എന്ന ഗായകൻ ഒരു അടിപൊളി സിങ്ങർ ആയി നിലനിൽക്കുന്നതോടൊപ്പം ഇത്തരം പാട്ടുകളും പാടാൻ കഴിയുമെന്ന് തെളിയിക്കാൻ പറ്റി. ഈ പാട്ട് നിനക്ക് സ്പെഷ്യൽ അല്ലേ എന്ന് മമ്മൂക്ക എന്നോട് ചോദിക്കാറുണ്ട്. അന്ന് പാട്ട് പാടിയതിന് ശേഷം കണ്ടില്ലെങ്കിലും പിന്നീട് കാണുമ്പോൾ ആ പാട്ടിനൊരു പ്രത്യേകതയുണ്ട് എന്ന് മമ്മൂക്ക പറയുമായിരുന്നു', അഫ്സലിന്റെ വാക്കുകൾ.

കമൽ ഒരുക്കിയ രാപ്പകലിൽ മമ്മൂട്ടിയ്‌ക്കൊപ്പം നയൻ‌താര, ശാരദ, വിജയരാഘവൻ, സലിം കുമാർ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ തിയേറ്ററിലെ വലിയ വിജയം നേടിയിരുന്നു. മോഹൻ സിതാരയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ടി എ റസാഖ് ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു.

Content Highlights: Afsal about Mammootty and Rappakal song

To advertise here,contact us